ന്യൂഡല്‍ഹി|
ജെ ജെ|
Last Updated:
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (16:49 IST)
ഐക്യരാഷ്‌ട്രസഭ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യ നല്ല മറുപടിയാണ് നല്കിയത്. ഭീകരര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തി അയല്‍രാജ്യങ്ങള്‍ക്ക് എതിരെ ഉപയോഗിക്കുകയാണ് പാകിസ്ഥാന്‍ എന്ന് ആരോപിച്ച ഇന്ത്യ വിദേശ സഹായധനം ഉള്‍പ്പെടെ കോടിക്കണക്കിന് ഡോളര്‍ അവര്‍ ഉപയോഗിക്കുന്നെന്നും ആരോപിച്ചു. പാകിസ്ഥാനെ എത്രയെല്ലാം ഭീകരരാഷ്‌ട്രമെന്ന് ഇന്ത്യ മുദ്ര കുത്തുമ്പോഴും പാകിസ്ഥാന് യുണൈറ്റഡ് സ്റ്റേറ്റ്സ് അടക്കമുള്ള വിദേശരാജ്യങ്ങള്‍ സഹായങ്ങള്‍ നല്കുന്നുണ്ട് എന്നതാണ് വസ്തുത. പ്രത്യേകിച്ച് ആയുധനിര്‍മ്മാണ കാര്യങ്ങളില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഷിയുള്ള രാജ്യങ്ങള്‍ എടുത്താല്‍ പാകിസ്ഥാന്‍ മൂന്നാമതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സും റഷ്യയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഉറി ആക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് പറഞ്ഞവര്‍ ഇനിയുള്ള കണക്കുകള്‍ കൂടി കേട്ടാല്‍ ഞെട്ടും.
ഉറിയിലെ ഭീകരാക്രമണത്തിന് മറുപടി നല്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പാകിസ്ഥാന്‍ സൈനികവിമാനങ്ങള്‍ പരീക്ഷണപ്പറക്കലുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ദേശീയപാതയില്‍ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ റോഡില്‍ ഇറക്കി പരീക്ഷണ ലാന്‍ഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍. ഇന്ത്യ തിരിച്ചടിച്ചേക്കുമെന്ന് കരുതുന്ന പാകിസ്ഥാന്‍ ഇന്ധനം കരുതി വെയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതായത്, ഇന്ത്യയുടെ ഭാഗത്തുനിന്ന് യുദ്ധമടക്കമുള്ള എന്ത് തിരിച്ചടികള്‍ ഉണ്ടായാലും അതിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ചുരുക്കം.
ആണവായുധങ്ങളില്ലാത്ത 32 രാജ്യങ്ങളാണ് നിലവില്‍ ലോകത്തുള്ളത്. ഇന്ന് ലോകത്താകമാനമായി 439 ന്യൂക്ലിയര്‍ പവര്‍ റിയാക്‌ടര്‍ (ആണവനിലയം) ആണ് ഉള്ളത്. 30 രാജ്യങ്ങളിലായാണ് ഇത്രയും റിയാക്‌ടറുകള്‍ ഉള്ളതെന്ന് ഓര്‍ക്കണം. 35 പവര്‍ റിയാക്‌ടറുകള്‍ 11 രാജ്യങ്ങളിലായി ഇപ്പോള്‍ പണികഴിപ്പിച്ച് വരികയാണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, റഷ്യ, കസാക്‌സ്ഥാന്‍, ബള്‍ഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവയാണ് ആ രാജ്യങ്ങള്‍. ഒരു ആണവനിലയം ഒരു വര്‍ഷം 500 പൌണ്ട് പ്ലൂട്ടോണിയം ഉണ്ടാക്കും. രണ്ടാം മഹായുദ്ധക്കാലത്ത് ഹിരോഷിമയില്‍ ഉപയോഗിച്ചതു പോലുള്ള ആണവായുധം ഉണ്ടാക്കാന്‍ 20 പൌണ്ട് പ്ലൂട്ടോണിയം മതിയാകും. ഓരോ വാണിജ്യ ആണവായുധനിലയങ്ങളും മതിയായ പ്ലൂട്ടോണിയം നിര്‍മ്മിച്ചാല്‍ ഓരോ വര്‍ഷവും ഹിരോഷിമയില്‍ ഉപയോഗിച്ചതു പോലെയുള്ള 25 ബോംബുകള്‍ ഉണ്ടാക്കാം. നിലവില്‍ റഷ്യയുടെ സഹായത്തോടെ ഇറാന്‍ ഒരു ആണവ റിയാക്‌ടര്‍ പണിയുകയാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം, ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എ സി എ) ന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ കൈയിലാണ് ഇന്ത്യയുടെ കൈയില്‍ ഉള്ളതിനേക്കാളും ആണവായുധങ്ങള്‍ കൂടുതല്‍. യുദ്ധത്തിന് ആവശ്യമായ 110 മുതല്‍ 130 വരെ ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈയില്‍ ഉള്ളപ്പോള്‍ ഇന്ത്യയുടെ കൈയില്‍ അത് 100 മുതല്‍ 120 വരെ മാത്രമാണ്. സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട് ആണ് ഈ ഡാറ്റ പുറത്തുവിട്ടത്. അതേസമയം, ഇരു രാജ്യങ്ങളും തങ്ങളുടെ ആണവായുധങ്ങളും മിസൈല്‍ ശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
തങ്ങളുടെ ആയുധപ്പുര നിറയ്ക്കാനുള്ള നിരന്തര ശ്രമമാണ് പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യുദ്ധനയത്തിലെ പ്രമാണം ‘നോ ഫസ്റ്റ് യൂസ്’ (എന്‍ എഫ് യു) ആണ്. അതായത്, യുദ്ധത്തിനായി ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതു തന്നെ. എന്നാല്‍, പാകിസ്ഥാന്റേത് ഈ നയമല്ല. എന്നാല്‍, പാകിസ്ഥാനും ആണവായുധം ഉപയോഗിക്കുന്നത് ആഗ്രഹിക്കുന്നില്ല എന്നതു തന്നെയാണ് വാസ്തവം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കെതിരെ ആദ്യം ആണവായുധം ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായേക്കില്ല.
പാകിസ്ഥാന്‍ നാല് പ്ലൂട്ടോണിയം ഉല്പാദന റിയാക്‌ടറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ഒന്നാണ് ഉള്ളത്. ഓരോ വര്‍ഷവും 20 ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന് കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചെണ്ണം മാത്രമേ നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ മാത്രമല്ല, യുകെ, ചൈന, ഫ്രാന്‍സ് എന്നിവയെല്ലാം പാകിസ്ഥാന് പിന്നിലാണ്. ആണവായുധ ശേഖരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും റഷ്യയും കഴിഞ്ഞാല്‍ മൂന്നാമതാണ് പാകിസ്ഥാന്റെ സ്ഥാനം.
ഇന്ത്യയുടെ കൈയില്‍ 600 കിലോഗ്രാം പ്ലൂട്ടോണിയം നിലവിലുണ്ട്. എന്നാല്‍, പാകിസ്ഥാന്റെ കൈവശം 170 കിലോഗ്രാം പ്ലൂട്ടോണിയം മാത്രമാണുള്ളത്. പക്ഷേ, പാകിസ്ഥാന്റെ കൈയില്‍ 3.1 മെട്രിക് ടണ്‍ ഹൈലി എന്‍ റിച്ച്‌ഡ് യുറേനിയം (HEU - Highly Enriched Uranium) ഉണ്ട്. കണക്കു കൂട്ടുകയാണെങ്കില്‍ ഒരു ആണവായുധം ഉണ്ടാക്കാന്‍ അഞ്ചു കിലോഗ്രാം പ്ലൂട്ടോണിയം അല്ലെങ്കില്‍ 15 കിലോഗ്രാം എച്ച് ഇ യു ആണ് വേണ്ടത്. കൈവശമുള്ള പ്ലൂട്ടോണിയം കൊണ്ട് ഇന്ത്യ 120 ആണവായുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതേസമയത്ത്, പാകിസ്ഥാന് 240 ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. ചുരുക്കത്തില്‍ വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല പാകിസ്ഥാന് എതിരെയുള്ള തിരിച്ചടി.
(വിവരങ്ങള്‍ക്ക് കടപ്പാട് - ന്യൂക്ലിയര്‍ ഡാര്‍ക്‌നസ്, വാല്യുവാക്)