ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 3 ജനുവരി 2016 (10:56 IST)
പുതുവത്സരദിനം മുതല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡല്‍ഹിയില്‍ ഫലം കണ്ടു. അന്തരീക്ഷ മലിനീകരണ തോത് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗതാഗത പരിഷ്കാരം ആരംഭിച്ച് രണ്ടുദിവസം കൊണ്ടു തന്നെ അന്തരീക്ഷ മലിനീകരണത്തില്‍ 25 ശതമാനത്തിലധികം കുറവാണ് വന്നിരിക്കുന്നത്.
കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പരിഷ്കാരവുമായി രംഗത്തെത്തിയത്. എന്നാല്‍, ആദ്യദിവസം തന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ പിന്തുണയായിരുന്നു പദ്ധതിക്ക് ലഭിച്ചത്. ഓഫീസ് സമയങ്ങളില്‍ പോലും പകുതിയില്‍ താഴെ വാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തിലിറങ്ങിയത്.
പദ്ധതി രണ്ടുദിവസം പിന്നിടുമ്പോള്‍ 500ല്‍ താഴെ മാത്രം നിയമലംഘനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റസംഖ്യ ദിവസങ്ങളില്‍ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ടസംഖ്യ ദിവസങ്ങളില്‍ ഇരട്ടസംഖ്യയില്‍ അവസാനിക്കുന്ന വാഹങ്ങളും മാത്രമേ നിരത്തിലിറങ്ങാവൂ എന്നതാണ് പുതിയ നയം.