സംസ്ഥാനത്തിന് പ്രയോജനകരമായ ആവശ്യങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് പിണറായി വിജയൻ

സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കാൻ സാമ്പത്തികബന്ധം പുനസംഘടിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| aparna shaji| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (17:08 IST)
സംസ്ഥാനത്തിന് പ്രയോജനകരമായ ആവശ്യങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ സമ്പൂർണ യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചുവെന്ന് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ അന്തർസംസ്ഥാന കൗൺസിൽ യോഗത്തിൽ ശനിയാഴ്ച പങ്കെടുത്തിരുന്നു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു യോഗം. 10 വർഷങ്ങൾക്കു ശേഷമാണ് യോഗം ചേരുന്നത്. ദേശീയ വികസന കൗൺസിലിന്റെ അഭാവത്തിൽ സംസ്ഥാനങ്ങളുടെ വികസനവിഷയങ്ങൾ ചർച്ച ചെയ്യാൻ ഇത്തരം ഒരു വേദി വർഷത്തിൽ രണ്ടു തവണയെങ്കിലും കൂടേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി. മൂന്നു മാസം മുമ്പെങ്കിലും യോഗത്തിന്റെ അജണ്ട സംസ്ഥാനങ്ങൾക്ക് നൽകുന്നത് നന്നായിരിക്കും. സംസ്ഥാനത്തിന് പ്രയോജനകരമായ ചില ആവശ്യങ്ങളും നിർദേശങ്ങളും യോഗത്തിൽ മുന്നോട്ടു വെക്കാൻ സാധിച്ചു.

നേരിട്ടു പണം കൈമാറുന്ന പദ്ധതി (Direct Benefit Transfer) നടപ്പിലാക്കുന്നതിനു മുമ്പ് ദുർബലവിഭാഗങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതുകൊണ്ടു തന്നെ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഇത് ഉടൻ നടപ്പിലാക്കുന്നത് അപ്രായോഗികമാകും. ഈ പദ്ധതിയുടെ നടത്തിപ്പിന് പോസ്റ്റ് ഓഫീസുകളെ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്ന നിർദേശം യോഗത്തിൽ മുന്നോട്ടു വെച്ചു.

വിഭവങ്ങളുടെ സമഭാവനയോടെയുള്ള വിതരണം ഉറപ്പുവരുത്തിക്കൊണ്ട്, സംസ്ഥാനങ്ങൾ തമ്മിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കാൻ ഉതകുന്ന തരത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം പുനസംഘടിപ്പിക്കേണ്ടതുണ്ട്. ഈ രീതിയിൽ സമഗ്രമായ വികസനം ഉറപ്പുവരുത്താൻ ആസൂത്രണകമ്മീഷൻ പുനസ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

തന്ത്രപ്രധാനമായ പ്രദേശമെന്ന നിലയിൽ കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കൗണ്ടർ ഇൻസർജൻസി ആന്റ് ആന്റി റ്റെററിസം (CIAT) സ്കൂൾ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ സംസ്ഥാനത്തിന് അനുവദിക്കപ്പെടണം. ഒപ്പം പോലീസിന്റെ ആധുനീകരണത്തിനും തീരദേശസുരക്ഷയ്ക്കും കൂടുതൽ തുക സംസ്ഥാനത്തിന് നൽകണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിച്ചു.

സ്ത്രീസുരക്ഷയ്ക്കായി രൂപപ്പെടുത്തിയ നിർഭയ ഫണ്ട് കേന്ദ്രസർക്കാർ നൽകാത്തത്തിൽ സംസ്ഥാനത്തിനുള്ള ആശങ്ക. പ്രധാനമന്ത്രിയെ അറിയിച്ചു. മാനുഷികവും മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി നവീകരിക്കണമെന്നും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തണമെന്നുമുള്ള നിർദേശങ്ങളും യോഗത്തില്‍ ഉന്നയിക്കുകയുണ്ടായി.

കേന്ദ്രസർക്കാർ ഈ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :