അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ഡിസംബര്‍ 2021 (12:49 IST)
സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നാഗാലാൻഡ് പോലീസ്. സൈന്യത്തിൻ്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ
സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
അതേസമയം വിഷയത്തിൽ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്‌താവന നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നാഗാലാൻഡിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുകയാണ്.മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. പതിമൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. സംഭവത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.