ശനി ഷിൻഗ്നാപൂർ ക്ഷേത്രത്തിൽ പുരുഷന്‍മാർക്കു പ്രവേശിക്കാമെങ്കില്‍ സ്ത്രീകളെ വിലക്കാനാകില്ല: മുംബൈ ഹൈക്കോടതി

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മുംബൈയിലെ ശനി ഷിൻഗ്നാപൂർ ക്ഷേത്രത്തിൽ അവർ പ്രവേശിക്കുന്നതു വിലക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ, ഹൈക്കോടതി, പ്രവേശനം, ക്ഷേത്രം mumbai, highcourt, entry, temple
മുംബൈ| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (07:55 IST)
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മുംബൈയിലെ ശനി ഷിൻഗ്നാപൂർ ക്ഷേത്രത്തിൽ അവർ പ്രവേശിക്കുന്നതു വിലക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. പുരുഷന്‍മാർക്കു പ്രവേശിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകളെ വിലക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും പ്രവേശനം അനുവദിക്കണമെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഏതെങ്കിലും ക്ഷേത്രമോ അധികാരികളോ ഉണ്ടെങ്കിൽ മഹാരാഷ്ട്രയിലെ നിയമമനുസരിച്ച് ആറു മാസം ജയിലിൽ കിടക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ ക്ഷേത്രത്തിൽ സ്ത്രീകള്‍ പ്രവേശിക്കുന്നതു വിലക്കിയ നടപടിയെ ചോദ്യം ചെയ്ത് സാമൂഹിക പ്രവർത്തക വിദ്യാ ബാൽ, മുതിർന്ന അഭിഭാഷക നീലിമ വാർത്തക് എന്നിവർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണം നടത്തിയത്.

സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് നിയമം ഒരിടത്തും പറയുന്നില്ല. പുരുഷൻമാര്‍ക്ക് പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശിച്ചുകൂടാ? പുരുഷന് വിഗ്രഹത്തിനു മുൻപിൽ പ്രാർഥിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ? സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്, ചീഫ് ജസ്റ്റിസ് വഗേല വ്യക്തമാക്കി.

മഹാരാഷ്ട്ര ഹിന്ദു പ്ലെയ്സ് ഓഫ് വർഷിപ് (എൻട്രി ഓതറൈസേഷൻ) ആക്ട്, 1956 അനുസരിച്ച് ഏതെങ്കിലും ക്ഷേത്രമോ വ്യക്തിയോ ആരെയെങ്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ വിലക്കിയാൽ അയാൾ ആറു മാസം തടവ് അനുഭവിക്കണം. ഈ നിയമത്തിന് വൻ പ്രാധാന്യം നൽകി പരസ്യം ചെയ്യുന്നതിന് സർക്കാർ തയാറാകണം. കൂടാതെ ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇറക്കണം. പൊതുജനത്തെ ഇതുസംബന്ധിച്ച് ബോധവാന്മാരാക്കുകയും വേണം. ഇക്കാര്യത്തെക്കുറിച്ച് അറിയിക്കാൻ സർക്കാർ അഭിഭാഷകൻ അഭിനന്ദൻ വാഗ്യാനിയെ കോടതി ചുമതലപ്പെടുത്തി. സ്ത്രീകളെ പ്രവേശിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് വെള്ളിയാഴ്ച പ്രസ്താവനയിറക്കണമെന്നും കോടതി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :