ഇടതു തീവ്രവാദത്തിനെതിരെ പെണ്‍കരുത്ത്

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (18:30 IST)
വളയിട്ട കൈകള്‍ എകെ 47 തോക്കുകള്‍ എടുത്ത സംഭവങ്ങള്‍ ഒക്കെ യുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ കര,നാവിക, വായു സേനകളില്‍ ഇപ്പോള്‍ ധാരാളം പെണ്‍പടകളുമുണ്ട്. എന്നാല്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകളില്‍ ഇതുവരെ സ്ത്രീകളെ നിയോഗിഹ്ചിരുന്നില്ല. എന്നാല്‍ അതിനു മാറ്റമുണ്ടാവുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മാവോയിസത്തിനെതിരെ പോരാടാന്‍ സി‌ആര്‍പി‌എഫിനൊപ്പം ഇനി പെണ്‍പടയുമുണ്ടാകും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വനാന്തരത്തിലെ മാവോവാദി വിരുദ്ധനടപടികള്‍ക്ക് പ്രത്യേക വനിതാ സ്‌ക്വാഡിനെ വിന്യസിച്ചിരിക്കുനത്. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വനങ്ങളിലാണ് സ്ത്രീകളെ നിയോഗിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്റെ യൂണിഫോം ധരിച്ച 35 വനിതകളാണ് ഓരോ സംഘത്തിലുമുള്ളത്. റച്ചുകാലം വനത്തില്‍ താമസിച്ച് പോരാടാനുള്ള സംവിധാനങ്ങളോടെയാണ് പെണ്‍പട വനാന്തരങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

ഇവരുടെ പ്രവര്‍ത്തനമേഖലയെപ്പറ്റി കൃത്യമായ വിവരം നല്‍കാന്‍ സി.ആര്‍.പി.എഫ്. ഒരുക്കമല്ല. വിന്യസിച്ച വിവരവും ആദ്യദിവസങ്ങളില്‍ പുറത്തുവിടാന്‍ സേന തയ്യാറായില്ല. പ്രത്യേക കാരണങ്ങളാലാണ് ഇതെന്ന് സി.ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു. നാട്ടുകാരികളോട് ഇടപഴകി വിവരം ശേഖരിക്കാനും അതുവഴി സൈന്യത്തിന് ഗ്രാമങ്ങളുമായി അടുപ്പം സ്ഥാപിക്കാനും സ്ത്രീകളുടെ സാന്നിദ്ധ്യം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

ഛത്തീസ്ഗഢിലും ജാര്‍ഖണ്ഡിലും രണ്ടാഴ്ചമുമ്പ് വനിതാകമാന്‍ഡോകള്‍ പ്രവര്‍ത്തനം തുടങ്ങി. സിആര്‍പിഎഫിലെ പുരുഷകമാന്‍ഡോകള്‍ക്കൊപ്പം മാവോവാദികള്‍ക്കെതിരെ തോക്കെടുത്ത് പോരാടാനും റോന്തുചുറ്റാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ സ്ത്രീകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കിയശേഷമാണ് ഇവരെ അയച്ചത്.

ശത്രുവുമായി നേരിട്ടുള്ള പോരാട്ടത്തിന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കരുതെന്നാണ് നിയമം. എന്നാല്‍, നക്‌സലുകളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം നേടാന്‍ ഈ നിയമത്തിന് ഇളവു നല്‍കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് സിആര്‍പി.എഫിലെ സ്ത്രീകളുടെ എണ്ണം 5000 ആക്കും. ഇപ്പോള്‍ ഇത് 3000 ആണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :