അഭിറാം മനോഹർ|
Last Modified വെള്ളി, 13 മാര്‍ച്ച് 2020 (09:50 IST)
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കറിയതിനെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരായ ഭൂമി കുംഭകോണകേസ്
മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ ഒ ഡബ്ല്യു) ആണ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വിൽക്കുന്നതിനായി വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് സിന്ധ്യക്കും കുടുംബത്തിനുമെതിരായ ആരോപണം.
സുരേന്ദ്ര ശ്രിവാസ്തവ എന്നയാളാണ് പരാതിക്കാരൻ.ഇയാള്‍ നല്‍കിയ പരാതിയില്‍ വസ്തുതകള്‍ വീണ്ടും പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുള്ളതായി ഇ ഒ ഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു. 2014 മാർച്ചിലാണ് ഇയാൾ ആദ്യം പരാതി നൽകിയത്.2018ൽ ഈ കേസ് അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാൽ ഇയാൾ വ്യാഴാഴ്ച്ച പുതിയ പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു. ഈ പരാതിയുടെ മേലാണ് നടപടി. എന്നാൽ കേസ് വീണ്ടും അന്വേഷിക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം രാഷ്ട്രീയപകപോക്കലാണെന്ന് സിന്ധ്യയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.