ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 25 ജൂലൈ 2015 (17:05 IST)
മുൻ ഐപിഎൽ തലവൻ ലളിത് മോഡിയുടെ യാത്രാ രേഖകൾക്കായി താൻ ശുപാർശ നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ തനിക്ക് ലഭിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
''ഞാൻ ലളിത് മോഡിയുടെ യാത്രാ രേഖകൾക്കായി അപേക്ഷിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഞാനത് യു.കെ. ഗവൺമെന്റിന് അവരുടെ നിയമമനുസരിച്ച് തീരുമാനിക്കാനായി വിട്ടുകൊടുത്തു. അതാണ് അവർ ചെയ്തത്. ഒരു മന്ത്രി എന്ന നിലയിൽ ഞാൻ പാർലമെന്റിനോട് മാത്രം മറുപടി പറയേണ്ടാതായുള്ളു. രാജ്യത്തെ വിവരം അറിയിക്കാനുള്ള ഏക ചർച്ചാവേദി അതാണ്'' എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
ലളിത് മോഡി വിവാദത്തിൽ സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. വിഷയത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് സുഷമ പറഞ്ഞു.