സജിത്ത്|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (11:34 IST)
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ
കിയ മോട്ടോഴ്സും ഇന്ത്യയിലേക്ക്. ജന്മനാടായ കൊറിയയ്ക്കു പുറമെ ചൈനയിലും യൂറോപ്പിലും യു എസിലുമൊക്കെ നിലവിൽ കിയയുടെ കാറുകൾ വിൽക്കുന്നുണ്ട്. 2020 ആകുന്നതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാവുമെന്നു കരുതുന്ന കിയ മോട്ടോഴ്സ് അതിനുള്ള ആദ്യപടിയായിട്ടാണ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
കോംപാക്ട് എസ് യു വിയായ ‘സ്പോട്ടേജ്’, ക്രോസ്ഓവറായ ‘സോൾ’, ഹാച്ച്ബാക്കായ ‘റിയോ’ തുടങ്ങിയവയാണു കിയ മോട്ടോഴ്സ് ശ്രേണിയിലെ പ്രധാന മോഡലുകൾ. ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള പ്രാഥമിക നടപടി കമ്പനി സ്വീകരിച്ചെന്നാണു സൂചന. ഇന്ത്യയിൽ അവതരിപ്പിക്കേണ്ട മോഡലുകളെക്കുറിച്ചും യന്ത്രഘടകങ്ങൾ ലഭ്യമാക്കുന്ന സപ്ലയർമാരെക്കുറിച്ചുമുള്ള ചർച്ചകളും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.
രണ്ടു മൂന്നു വർഷത്തിനകം തന്നെ കിയയുടെ കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണ് പുതിയ സൂചനകൾ. മറ്റു വിപണികളിലെ പോലെ വ്യത്യസ്ത വിപണന ശൃംഖല സ്ഥാപിച്ചാവും ഇന്ത്യയിലും കിയയുടെ കാർ വിൽപ്പന. വിപണനത്തിൽ ഹ്യുണ്ടേയിയുമായി പ്രത്യക്ഷത്തിൽ ബന്ധം പുലർത്താറില്ലെന്ന തത്വം ഇന്ത്യയിലും കിയ തുടരുമെന്നാണു സൂചന. അതേസമയം, അസംസ്കൃത വസ്തു സമാഹരണവും സപ്ലയർമാരെ കണ്ടെത്തലും പോലുള്ള പശ്ചാത്തല മേഖലകളിൽ ഹ്യുണ്ടേയിക്ക് ഇന്ത്യയിലുള്ള പരിചയ സമ്പത്ത് കിയ പ്രയോജനപ്പെടുത്തുകയും ചെയ്യും. ലോജിസ്റ്റിക്സ് രംഗത്തും ഹ്യുണ്ടേയുമായി കിയ സഹകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.