കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി, പിഡിപി ആശയക്കുഴപ്പത്തില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 25 ഡിസം‌ബര്‍ 2014 (10:56 IST)
ചിതറിയ ജനവിധിക്കൊടുവില്‍ കശ്മീരില്‍ പുതിയ മന്ത്രിസഭയുണ്ടാക്കുന്നതിനായി ചര്‍ച്ചകള്‍ തകൃതി. ആദ്യമായി താഴ്വരയില്‍ ശക്തി കാട്ടിയ ബിജെപി ഏതുവിധേനയും ഭരണം കൈപ്പിടിയിലൊതുക്കാനുള്ള തീവ്രശ്രമത്തിലാണ്. ചരിത്രത്തിലാദ്യമായി കശ്‌മീരില്‍ ബിജെപിക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന സാഹചര്യം കൈവിട്ടുകളയരുതെന്ന്‌ ആര്‍എസ്‌എസിനും നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടുതന്നെയാണു പ്രതിപക്ഷത്ത്‌ ഇരിക്കാന്‍ തയാറാണെന്ന പതിവ്‌ പ്രസ്‌താവനകള്‍ക്കു പകരം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴികള്‍ തേടുമെന്നു ബിജെപി. അധ്യക്ഷന്‍ അമിത്‌ ഷാ പ്രഖ്യാപിച്ചത്‌.

ബിജെപി സഹായം സ്വീകരിക്കണോ കോണ്‍ഗ്രസിന്‍െറയും ചെറുകക്ഷികളുടെയും സഹായം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് മഹ്ബൂബ മുഫ്തിയുടെ പിഡിപി. അതിനിടെ പിഡിപിയുമായും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ബിജെപി തുറന്നിട്ടിട്ടുണ്ട്‌. കശ്‌മീര്‍ വികസനത്തിലൂന്നിയുള്ള പൊതു അജന്‍ഡയുടെ അടിസ്‌ഥാനത്തില്‍ പി.ഡി.പിയുമായി സഖ്യമാകാമെന്ന നിര്‍ദേശമാണു ബി.ജെ.പി. മുന്നോട്ടുവച്ചിരിക്കുന്നത്‌. ഒരേസമയം മഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായും ഉമര്‍ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സുമായും പിന്നാമ്പുറ ചര്‍ച്ചകളിലാണ് പാര്‍ട്ടി.

15 എം.എല്‍.എമാരുള്ള നാഷനല്‍ കോണ്‍ഫറന്‍സും ബി.ജെ.പിയും ചേര്‍ന്നാല്‍ 40 അംഗങ്ങളാകും. ചെറുകക്ഷികളില്‍ നാലുപേരുടെ പിന്തുണ കൂടി നേടാനായാല്‍ ഭൂരിപക്ഷമായി. ഈ നിലക്കുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. അത് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുമെന്നതിനാല്‍ ഉമറിനെ ഒപ്പം നിര്‍ത്താനാണ് അമിത് ഷായുടെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വച്ചതിനു ശേഷം 28 സീറ്റ്‌ നേടിയപ്പോള്‍ താന്‍ പ്രതിപക്ഷത്ത്‌ ഇരുന്നെന്നും 16 സീറ്റ്‌ നേടിയ മുഫ്‌തി മുഹമ്മദ്‌ സയീദ്‌ മുഖ്യമന്ത്രിയായി എന്നും ഒമര്‍ അബ്‌ദുള്ള ട്വീറ്റ്‌ ചെയ്‌തിരുന്നു. ഇത് ബിജെപി ക്യാമ്പിന് ആശനല്‍കുന്നുണ്ട്.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ജമ്മു കശ്‌മീര്‍ നിയമസഭയില്‍ പഡിപി 28, ബിജെപി. 25, നാഷണല്‍ കോണ്‍ഫറന്‍സ്‌ 15, കോണ്‍ഗ്രസ്‌ 12 എന്നിങ്ങനെയാണ്‌ സീറ്റ്‌ നില. അതേ സമയം മുന്‍ വിഘടന വാദി സജാദ്‌ ഗനി ലോണിനെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാക്കി അഞ്ച്‌ സ്വതന്ത്രന്‍മാരുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ പുറത്തുനിന്നുള്ള പിന്തുണയും ഉറപ്പാക്കാനും ബിജെപി ശ്രമങ്ങള്‍ നടത്തുണ്ട്. ബിജെപി ദേശീയ സെക്രട്ടറി രാം മാധവ് ശ്രീനഗറില്‍ ക്യാമ്പ് ചെയ്ത് നടത്തുന്ന നീക്കങ്ങളുടെ തുടര്‍ചര്‍ച്ചകള്‍ക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കശ്മീരിലെത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :