പല മൃഗീയകുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളി; മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം ജയരാജനെന്നും സി ബി ഐ കോടതിയില്‍

കൊച്ചി| JOYS JOY| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (10:52 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് സി ബി ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് സി ബി ഐ നിലപാട് വ്യക്തമാക്കിയത്.

കൂടുതല്‍ ശക്തമായ ആരോപണങ്ങളാണ് ഹൈക്കോടതിയില്‍ ജയരാജനെതിരെ സി ബി ഐ നല്കിയിരിക്കുന്ന എതിര്‍ സത്യവാങ്‌മൂലത്തിലുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണെന്നും മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും സത്യവാങ്‌മൂലത്തില്‍ സി ബി ഐ പറയുന്നു. നാലുപേജുള്ള എതിര്‍ സത്യവാങ്‌മൂലമാണ് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചത്.

നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നെന്നും ജയരാജന്റെ അറസ്റ്റ് അനിവാര്യമെന്നും സി ബി ഐ പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് സി ബി ഐ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. ജയരാജന് ജാമ്യം നല്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ സി ബി ഐയോട് ജസ്റ്റിസ് കെ ടി ശങ്കരനും ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം നല്കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും
കോടതിയെ സമീപിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :