ഇന്ത്യയില്‍ കള്ളനോട്ട് വ്യാപിപ്പിക്കാന്‍ ഐഎസ്ഐ പദ്ധതി

ന്യൂഡല്‍ഹി‍| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (11:02 IST)
ഇന്ത്യയില്‍ കള്ളനോട്ട് വ്യാപിപ്പിക്കാന്‍ ഐഎസ്ഐ പദ്ധതിയിട്ടിരിക്കുന്നതായി എന്‍ഐഎ. ഇപ്പോള്‍ കള്ളനോട്ടുകള്‍ക്ക് കമ്മീഷന്‍കുറച്ച് കൂടുതല്‍പേരെ ഇവ പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്താനാണ് പദ്ധതി. നിലവില്‍ 400 ഇന്ത്യന്‍രൂപയ്ക്ക് പകരമാണ് 1000 രൂപയുടെ വ്യാജകറന്‍സി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍മാസത്തോടെ ഇത് 100 രൂപയാക്കി കുറച്ചതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്.

ദുബായില്‍ 47 ലക്ഷം രൂപയുടെ വ്യാജനോട്ടുകളുമായി പിടിയിലായ നാല് പാകിസ്ഥാന്‍കാരെ ചോദ്യംചെയ്തതില്‍നിന്നാണ് എന്‍ഐഎയ്ക്ക്
വിവരം ലഭിച്ചത്. വന്‍ സാമ്പത്തികലാഭം ഉണ്ടാക്കാമെന്ന ധാരണയില്‍ നിരവധി സാധാരണക്കാരെ നോട്ടിന്റെ വ്യാപാരത്തിനിറക്കാമെന്നാണ് ഐഎസ്ഐയുടെ കണക്കുകൂട്ടല്‍. ദുബായ്, ശ്രീലങ്ക, ബംഗ്ലൂദേശ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിരവധി മലയാളികള്‍ ഉള്ളതിനാല്‍ കേരളം ഇവരുടെ പ്രധാന ലക്ഷ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും പാകിസ്ഥാനും ഒരേരാജ്യത്തുനിന്നുതന്നെയാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ ഇറക്കുമതിചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സിയുടെ സുരക്ഷാമുദ്രകളില്‍ ഏറിയപങ്കും വ്യാജകറന്‍സിയിലും മുദ്രണംചെയ്യാന്‍ ഐ.എസ്.ഐയ്ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും 500, 1000 രൂപകളുടെ വാട്ടര്‍മാര്‍ക്കിലെ (നോട്ടിലെ വെളുത്തനിറത്തില്‍ കാണുന്ന പ്രതലം) ഗാന്ധി ചിഹ്നത്തില്‍ കാണുന്ന നേര്‍ത്ത ചരിവാണ് വ്യാജനെ കണ്ടെത്താന്‍ സഹായിക്കുന്നത്.

വന്‍ തോതില്‍ വ്യാജ കറന്‍സി ഒഴുകുന്നത് ആശങ്കയോടെയാണ് റിസര്‍വ് ബാങ്ക് കാണുന്നത്. വ്യാജ കറന്‍സി വ്യാപനത്തിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുകയാണ് ഐ‌എസ്‌ഐയുടെ ലക്‍ഷ്യം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :