അഭിമാനം വാനോളം; സ്വന്തം സ്പേസ് ഷട്ടില്‍ ഇന്ത്യ പരീക്ഷിക്കാനൊരുങ്ങുന്നു

മുംബൈ| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (17:23 IST)
ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മറ്റ് ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ ഒരുങ്ങുന്നു. രാജ്യം സ്വന്തമായി വികസിപ്പിച്ചെടുന്ന സ്പേസ് ഷട്ടിൽ (ബഹിരാകാശ വാഹനം) ഇന്ത്യ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വര്‍ഷങ്ങള്‍ക്കൊണ്ട് പരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ചെടുത്ത ഈ ബഹിരാകാശ വാഹനം ജൂലായ് അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ പരീക്ഷണ വിക്ഷേപണം നടത്തും.

1.5 ടൺ ഭാരമുള്ള സ്പേസ് ഷട്ടിലിനെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജിഎസ്‌എല്‍‌വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാനാണ് പദ്ധതി. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ,​ പുനരുപയോഗിക്കാവുന്ന സ്പേസ് ഷട്ടിലിന്റെ അവസാന ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പരീക്ഷണ വിക്ഷേപണം വിജയമായാല്‍ ഈ വാഹനം 70 കിലോമീറ്റർ ഉയരത്തിലേക്ക് മാറ്റും. പിന്നീട് ബംഗാൾ ഉൾക്കടലിൽ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത്തിലായിരിക്കും സ്പേസ് ഷട്ടിൽ ഭൂമിയിൽ തിരിച്ചിറങ്ങുക. ഭൂമിയിൽ ഇറങ്ങുന്പോഴുണ്ടാകുന്ന കനത്തചൂട് മൂലം കേടുപാട് ഉണ്ടാവുന്നത് തടയാൻ ഷട്ടിലിന്റെ മുൻഭാഗം കാർബണും അറുന്നൂറോളം താപ പ്രതിരോധ കവചങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
1200 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള ചൂട് താങ്ങാനാവും. താപ കവചങ്ങൾ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവന്നത്.

ഈ രണ്ട് ഘട്ടങ്ങളും വിജയകരമാക്കി പൂര്‍ത്തിയാക്കിയാല്‍ സ്വന്തമായി ബഹിരാകാശ വാഹനം ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍ക്ക് മാത്രമാണ് ഇത്തരം വാഹനങ്ങളുള്ളത്. ബഹിരാകാശത്തേക്ക് വസ്തുക്കളെ എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയാണ് ഈ സ്പേസ് ഷട്ടിലിന്റെ പ്രാഥമിക ദൗത്യം. അതേസമയം, ഈ സ്പേസ് ഷട്ടിലിൽ മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതി ഐഎസ്ആർഒയ്ക്ക് ഇപ്പോഴില്ലെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ വ്യക്തമാക്കി.

റോക്കറ്റ് ബൂസ്റ്റർ എന്ന രീതിയിലാവും ഇതിനെ ഉപയോഗിക്കുക. നിലവിൽ ഒരു കിലോഗ്രാം ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്ത് എത്തിക്കാൻ 5000 ഡോളറാണ് ചെലവ് വരുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഈ സ്പേസ് ഷട്ടിലിന്റെ സഹായത്തോടെ ചെലവ് 500 ഡോളറായി കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്കൂട്ടൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :