സ്വരാജ്യത്തിന്‍ നിന്നും ഇന്ത്യ സുരാജ്യത്തിലേക്ക് മാറണം: നരേന്ദ്ര മോദി

ഭീകരവാദത്തിൽ നിന്ന് യുവാക്കൾ പിൻമാറണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| priyanka| Last Updated: തിങ്കള്‍, 15 ഓഗസ്റ്റ് 2016 (10:05 IST)
ഇന്ത്യയെ മഹത്തരമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് നമ്മള്‍ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഭീകരവാദത്തില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാന്‍ നിര്‍ത്തണം. തീവ്രവാദത്തെ പാകിസ്ഥാന്‍ മഹത്വവല്‍ക്കരിക്കരുതെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി.

രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഇവിടെയുണ്ട്. ഇത് ഉപയോഗിക്കണം. ജനവികാരം മാനിച്ചായിരിക്കണം ഭരണം നടത്തേണ്ടതെന്നും മോദി പറഞ്ഞു.

സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാറിന് കഴിഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. റെയില്‍വേ, പാസ്‌പോര്‍ട്ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. യുപിഎയുടെ പത്തു വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി റെയില്‍വേ ലൈനുകള്‍ കമ്മിഷന്‍ ചെയ്തു. ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു.

ഊര്‍ജോത്പാദനത്തിലും സൗരോര്‍ജ ഉത്പാദനത്തിലും വന്‍ കുതിപ്പാണ് ഉണ്ടായത്. വൈദ്യുതി ഇല്ലാത്ത 10000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചതായും സര്‍ക്കാരിന്റെ നേട്ടമായി മോദി ചൂണ്ടിക്കാട്ടി.

കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം ഇന്ന് 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഭീകരവാദ ഭീഷണിയുടെയും കശ്മീര്‍ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും വന്‍സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :