ന്യുഡല്‍ഹി|
jibin|
Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (16:01 IST)
ബോളിവുഡ് താരം അമിതാഭ് ബച്ചന് പകരം ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരസ്യ പ്രചരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തിൽ ബച്ചന്റെ പേര് ഉള്‍പ്പെട്ടതാണ് അദ്ദേഹത്തിന് വിനയായത്.
ബോളിവുഡില്‍ നിന്ന് ഹോളിവുഡ് വരെ എത്തി നില്‍ക്കുന്ന പ്രിയങ്ക ചോപ്ര അന്താരാഷ്ട്ര തലത്തില്‍ പരിചിതയായ താരമാണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരസ്യത്തില്‍ എത്തുന്നതോടെ പ്രിയങ്കയുടെ അന്താരാഷ്ട്ര പ്രശസ്തി കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
അസഹിഷ്ണുത വിവാദത്തില്‍ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അമീര്‍ ഖാനെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അമീറിന് പകരം അമിതാബ് ബച്ചനെ പരിഗണിച്ചിരുന്നു. എന്നാല്‍ പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയില്‍ ബിഗ് ബിയുടെ പേര് ഉള്‍പ്പെട്ടതോടെയാണ് അദ്ദേഹത്തെയും ഒഴിവാക്കന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, കള്ളപ്പണ കേസിൽ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് പുറത്തു വന്ന സൂചനകള്‍. എന്നാൽ ഇക്കാര്യങ്ങള്‍ക്കൊന്നും ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിദേശത്ത് വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ അമിതാഭ് ബച്ചന്റെയും മരുമകൾ ഐശ്വര്യാ റായിയുടെയും പേരുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്നുമായിരുന്നു ഇതിനെതിരെ ബച്ചന്‍ പ്രതികരിച്ചത്.