ചത്തീസ്‌ഗഡ്|
അഭിറാം മനോഹർ|
Last Modified ഞായര്‍, 23 മെയ് 2021 (12:51 IST)
ചത്തീസ്‌ഗഡ്: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ
ലോക്ക്ഡൗൺ നിർദേശം അവഗണിച്ചെന്ന് ആരോപിച്ച് യുവാവിനെ ജില്ലാ കളക്‌ടർ അടിച്ച സംഭവത്തിൽ വ്യാപകമായ വിമർശനം. കളക്ടർ രൺബീർ ശർമ്മയാണ് റോഡിൽ വെച്ച് യുവാവിനെ ആക്രമിച്ചത്. ചത്തീസ്‌ഗഢിലെ സുരാജ്‌പുർ ജില്ലയിലാണ് സംഭവം.
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയെന്ന് ആരോപിച്ചായായിരുന്നു യുവാവിനെ കളക്‌ടർ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് ഇത് വാർത്തയായത്. പുറത്തിറങ്ങാനാവശ്യമായ രേഖ യുവാവ് കാണിച്ചുവെങ്കിലും കളക്‌ടർ യുവാവിന്റെ മുഖത്തടിക്കുകയും മൊബൈൽ ഫോൺ ബലമായി വാങ്ങി വലിച്ചെറിയുകയുമായിരുന്നു. സമീപത്തേക്ക് എത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ലാത്തി ഉപയോഗിച്ച് അടിക്കുകയും മൊബൈൽ ഫോൺ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
അതേസമയം സംഭവം വിവാദമായതോടെ
ജില്ലാ കളക്‌ടർ ക്ഷമാപണവുമായി രംഗത്തെത്തി. കളക്‌ടറുടെ പെരുമാറ്റത്തിൽ ഐഎഎസ് അസോസിയേഷൻ ശക്തമായി അപലപിച്ചു.