ന്യൂഡല്‍ഹി|
കെ. പവിശങ്കര്‍|
Last Modified വ്യാഴം, 7 നവംബര്‍ 2019 (18:25 IST)
അയോധ്യ കേസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ ഉത്തര്‍പ്രദേശ് പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. അയോധ്യയില്‍ 12000 പൊലീസുകാരെ വിന്യസിക്കാനാണ് പദ്ധതി. അയോധ്യ ജില്ലയെ നാല് സോണുകളാക്കി തിരിച്ച് സുരക്ഷ ക്രമീകരിക്കും.
അയോധ്യ ജില്ലയെ റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ നാല് സോണുകളായാണ് തിരിക്കുന്നത്.
തര്‍ക്ക സ്ഥലം ഉള്‍പ്പടെ അയോധ്യയ്ക്ക് അഞ്ച് മൈല്‍ ചുറ്റളവിലാണ് റെഡ്, യെല്ലോ സോണുകള്‍. ഇവിടത്തെ സുരക്ഷാ ചുമതല സി ആര്‍ പി എഫിനായിരിക്കും. ഗ്രീന്‍, ബ്ലൂ സോണുകളുടെ സുരക്ഷാകാര്യങ്ങള്‍ യു പി പൊലീസിന്‍റെ നിയന്ത്രണത്തിലായിരിക്കും. അര്‍ദ്ധസൈനികര്‍ ഉള്‍പ്പടെയുള്ളവര്‍ അടുത്തയാഴ്ചയോടെ നിലയുറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ പരിശോധിച്ച് അതിന് സാധ്യതയുള്ള ഇടങ്ങള്‍ കര്‍ശന സുരക്ഷാവലയത്തിലായിരിക്കും. ഈ സംവിധാനം രാജ്യത്ത് ഉടനീളം ഉണ്ടായിരിക്കും. ഭീകരാക്രമണമുണ്ടായാല്‍ നേരിടുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
അതേസമയം, സോഷ്യല്‍ മീഡിയ ഉപയോഗം കര്‍ശന നിരീക്ഷണത്തിലായിരിക്കും. പ്രശ്നം സൃഷ്ടിക്കാനായി ബോധപൂര്‍വ്വം പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ദേശസുരക്ഷാനിയമം പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും.