ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (11:03 IST)
സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസിലേക്ക് മടങ്ങിയാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന് കേന്ദ്ര ഫിലിം സെക്രട്ടറി സഞ്ചയ് മൂര്‍ത്തി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി നേതൃത്വത്തിന് കത്തയച്ചു. സീരിയല്‍ നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചത്.
കേന്ദ്ര ഫിലിം സെക്രട്ടറി സഞ്ചയ് മൂര്‍ത്തി അയച്ച കത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ബിജെപി നേതാവായ ഗജേന്ദ്ര ചൗഹാനെയും ഭരണസമിതിയിലെ ആറ് ബിജെപി നേതാക്കളെയും പുറത്താക്കുംവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുമ്പോഴും സമരം തകര്‍ക്കാനുള്ള ശ്രമങ്ങളാണുണ്ടാകുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം, സമരം ശക്തമായി മുന്നേറുകയാണ്. തുടക്കത്തില്‍ സിനിമ പ്രദര്‍ശനം നടത്തിയും നാടകം അവതരിപ്പിച്ചും പ്രതിഷേധം തുടര്‍ന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നിരാഹാര സമരത്തിലാണ്. സമരം നൂറ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.