പുനെ|
JOYS JOY|
Last Modified ശനി, 11 ജൂലൈ 2015 (14:41 IST)
പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റാന്‍ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഗജേന്ദ്ര ചൌഹാന്‍. കഴിഞ്ഞദിവസം മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരായ അനുപം ഖേര്‍, റിഷി കപൂര്‍ എന്നിവര്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറണമെന്ന് ഗജേന്ദ്ര ചൌഹാനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടിയായിട്ടാണ് ചൌഹാന്‍ ഇന്ന് തന്റെ നയം വ്യക്തമാക്കിയത്.
അതേസമയം, അനുപം ഖേര്‍, റിഷി കപൂര്‍ എന്നിവര്‍ക്ക് എതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചൌഹാന്‍ പറഞ്ഞു. തന്നെക്കുറിച്ച് അഭിപ്രായം പറയാന്‍ അനുപം ഖേറും റിഷി കപൂറും ആരാണെന്ന് താന്‍ ചോദിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണ്. മാധ്യമങ്ങളില്‍ ഇങ്ങനെ വാര്‍ത്ത വന്നതില്‍ ദു:ഖമുണ്ട്. തന്റെ അഭിപ്രായത്തെ മാധ്യമപ്രവര്‍ത്തകന്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുക ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഒരു ജനാധിപത്യരാജ്യത്ത് ആണ് ജീവിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ആണ് തന്നെ നിയമിച്ചത്. തന്റെ കഴിവിന് അനുസരിച്ച് സര്‍ക്കാര്‍ പറയുന്നതനുസരിച്ച് താന്‍ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ നിയമിക്കാനും പുറത്താക്കാനുമുള്ള അവകാശം സര്‍ക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചൌഹാന്‍ സ്വമേധയ സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞദിവസം റിഷി കപൂര്‍ വ്യക്തമാക്കിയിരുന്നു.