ചെന്നൈ|
VISHNU N L|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (15:30 IST)
തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളെ ശ്രീങ്കന്‍ നാവിക സേന ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ നേവിയുടെ ആക്രമണത്തില്‍ 12പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സ്യത്തൊഴിലാളികളുടെ 20 ബോട്ടുകള്‍ ലങ്കന്‍ നാവിക സേന തകക്കുകയും ചെയ്തിട്ടുണ്ട്.
സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഏഴ് ബോട്ടുകളിലായി എത്തിയ ലങ്കന്‍ നാവിക സേന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. മരകക്ഷണങ്ങളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നാവികസേനയുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു ബോട്ട് മുങ്ങുകയും മറ്റ് ബോട്ടുകള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
മുങ്ങിയ ബോട്ടിലെ തൊഴിലാളികള്‍ മറ്റ് ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏറെക്കാലമായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ സമാനമായ ആക്രമണം ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഇന്ത്യയുടെയുടെ ലങ്കയുടെയും സമീപത്തുള്ള കച്ചത്തീവ് ദ്വീപിനു സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോളാണ് ആക്രമണങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.
ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്ന് തമിഴ്‌നാട് മത്സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ ബോസ് ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.