വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 29 നവംബര്‍ 2020 (14:59 IST)
ഡൽഹി: കർഷക സമരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഉപാധികൾ പൂർണമായും തള്ളി കർഷകർ. കർഷകരുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താം എന്ന്
കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ നിർദേശിയ്ക്കുന്ന ഇടത്തേയ്ക്ക് സമരസ്ഥലം മാറ്റിയാൽ ഉടൻ ചർച്ചയാകാം എന്നായിരുന്നു അമിത് ഷായുടെ നിർദേശം. എന്നാൽ ഉപാധികൾ വച്ചുള്ള ചർച്ചകൾക്ക് താൽപര്യമില്ലെന്നും ചർച്ച നടത്താൻ സർക്കാർ സമരഭുമിയിലേയ്ക്ക് വരണം എന്നും കർഷകർ നിലപാട് സ്വീകരിയ്ക്കുകയായിരുന്നു.
ബുറാഡി തിരങ്കാരി മൈതാനത്തേയ്ക്ക് സമരസ്ഥലം മാറ്റണം എന്നാണ് ആവശ്യം. എന്നാൽ ഈ സ്ഥലം ജെയിലുപോലെയാണെന്ന് കർഷകർ പറയുന്നു. കേന്ദ്ര സർക്കാരിനെതിരായ കർഷക സമരങ്ങൾ നാലാം ദിവസം തുടരുമ്പോൾ പ്രതിഷേധിയ്ക്കുന്ന കർഷകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിയ്ക്കുന്നത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരിയ്ക്കുകയാണ് കർഷകർ. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിയ്ക്കണം എന്നാണ് കർഷകരുടെ പ്രധാന ആവശ്യം. മൂന്നു മാസത്തോളമായി കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധിച്ചുവരികയായിരുന്നു കർഷകർ.