ധോണിയുടെ തല ഉരുളുമോ? പരസ്യ പിന്തുണയും അണിയറയില്‍ എതിര്‍പ്പും

മിർപൂർ/ന്യൂഡൽഹി:| VISHNU N L| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (18:50 IST)
ബംഗ്ളാദേശിനെതിരായ ഏകദിന പരന്പര പരാജയപ്പെട്ടതിനെ തുടർന്ന് രാജി വയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുൻ താരങ്ങൾ രംഗത്ത് വന്നു. എന്നാല്‍ പരസ്യമായ പിന്തുണകള്‍ ഉയരുമ്പോഴും ടീമിലും ടീം മാനേജ് മെന്റിലും മറ്റ് ചില മുന്‍ താരങ്ങളിലും ധോണിയുടെ രക്തത്തിനായി മുറവിളി രഹസ്യമായി ഉയര്‍ന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ധോണി ക്യാപ്ടൻ സ്ഥാനത്ത് തുടരണമെന്നാണ് മുൻ ക്യാപ്ടന്മാരായ ബിഷൻ സിംഗ് ബേദി, ദിലീപ് വെങ്സർക്കാർ, അജിത് വ‌ഡേക്കർ എന്നിവരും മുൻതാരങ്ങളായ ചേതൻ ചൗഹാൻ, ചന്ദു ബോർഡെ, സയ്യദ് കിർമാനി, കിരൺ മോറെ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ധോണിയുടെ രാജി സന്നദ്ധതയോട് ടീമംഗങ്ങളോ ടീം മാനേജ് മെന്റൊ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ദേയമാണ്.

ബംഗ്ളാദേശിനെതിരായ തോൽവിയുടെ പേരിൽ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും 2016 ട്വന്റി 20 ലോകകപ്പ് വരെ ധോണി ക്യാപ്ടൻ സ്ഥാനത്ത് തുടരണമെന്നുമാണ് ധോണിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഇന്ത്യയെ ലോകകപ്പ് സെമിഫൈനൽ വരെ എത്തിച്ചത് ധോണിയാണ്. അതിനുശേഷമുള്ള ആദ്യത്തെ പരന്പരയാണിത്. അതിനാൽ തന്നെ ധോണി നായക സ്ഥാനത്ത് തുടരണം- വെംഗ്സർക്കാർ പറഞ്ഞു.

ബംഗ്ളാദേശിനെതിരായ പരാജയത്തിന് ധോണിയെ മാത്രം ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ലെന്നാണഅ ബിഷൻ സിംഗ് ബേദിയുടെ നിലപാട്. തോൽവിക്ക് ടീമംഗങ്ങൾക്ക് എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദിനങ്ങളിലും ട്വന്റി 20യിലും ഇന്ത്യയെ നയിക്കാൻ പറ്റിയ ക്യാപ്ടൻ ധോണി തന്നെയാണെന്ന് വഡേക്കർ പറഞ്ഞു. ബംഗ്ളാദേശ് പര്യടനത്തെ അത്ര ഗൗരവത്തിൽ എടുക്കാത്തത് കൊണ്ടായിരിക്കാം ഒരുപക്ഷേ ഈ തോൽവി സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമുള്ള ധോണിയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ധോണിയുഗം കഴിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്. ബംഗ്ലാദേശില്‍ ഏകദിന പരമ്പര അടിയറ വച്ചതിനു സമാനമാണ് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ അടിയറ വച്ചത്. അന്ന് ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ അണിയറയില്‍ മുറവിളി ഉയര്‍ന്നതിനു പിന്നാലെ ധോണി തന്റെ ടെസ്റ്റ് കരിയര്‍ തന്നെ ഉപേക്ഷിച്ചു. സമാനമായ സമ്മര്‍ദ്ദമാണ് പിന്നണിയില്‍ ധോണിയുടെ രക്തത്തിനായി ഉയരുന്നത്.

തുടര്‍ച്ചയായ മത്സരവും ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ സമ്മര്‍ദ്ദവും ധോണിക്ക് താങ്ങാനാകുന്നതിലും അധികമായെന്നാണ് ധോണി വിരുദ്ധരുടെ വിലയിരുത്തല്‍. അതിനാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് ടീമിനു ഗുണകരമാകുമെന്ന് ഇവര്‍ പറയുന്നു. ഇതിന്റെ പ്രതിഫലനമാണ് ധോണിയുടെ രാജി സന്നദ്ധതയെന്നാണ് സൂചന. സമ്മര്‍ദ്ധം അധികമായല്‍ ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് സൂചനനകള്‍. ഈ ഒരു ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ധോണി വിരുദ്ധരായ ടീമംഗങ്ങളിലെ ചിലരും മാനേജ്മെന്റും പരസ്യമായ പ്രതികരണങ്ങളുമായി രംഗത്ത് വരാന്‍ മടിക്കുന്നതെന്നാണ് സൂചനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :