ധോണിയെ റാഞ്ചാന്‍ ബിജെപി, മനസുതുറക്കാതെ ക്യാപ്റ്റന്‍ കൂള്‍

റാഞ്ചി| vishnu| Last Updated: വെള്ളി, 2 ജനുവരി 2015 (09:58 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണിയെ അംഗമാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ബിജെപി നേതാക്കള്‍ ധോണിയെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അംഗമായാല്‍ ഝാര്‍ഖണ്ടില്‍ നിന്ന് ധോണിയെ രാജ്യസഭയിലെത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെങ്കിലും ഏത് പാര്‍ട്ടിയോടാണ് കൂറെന്ന് ധോണി ഇതുവരെയും മനസ്സ് തുറന്നിട്ടില്ല.

രാജ്യവര്‍ധന്‍ സിംഗ് രാത്തോഡിനെയും ബാബുല്‍ സുപ്രിയോയെയും നേരത്തെ മോഡി കേന്ദ്രമന്ത്രിമാരാക്കിയിരുന്നു. ജനപ്രിയരായിട്ടുള്ള ആളുകളെ പാര്‍ട്ടിയിലെടുക്കുന്നത് ബിജെപിയുടെ ലക്ഷ്യമാണ്. അതുവഴി സാധാരണക്കാര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഝാര്‍ഖണ്ടില്‍ നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവില്‍ ധോണിയെ മത്സരിപ്പിച്ച് രാജ്യസഭയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചതും കേന്ദ്രനേതൃത്വത്തിന് ഊര്‍ജ്ജം പകരുന്നുണ്ട്. ഈ സാധ്യത പരാജയപ്പെടുകയാണെങ്കില്‍ 2016 ജൂലൈയില്‍ കോണ്‍ഗ്രസിന്റെ ധീരജ് പ്രസാദ് സാഹു കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ധോണിയെ പരിഗണിക്കണമെന്നാണ്
ആവശ്യം. നിലവില്‍ ത്ധാ‍ര്‍ഖണ്ഡില്ല് ബിജെപിക്ക് കേവല ഭൂരിപക്ഷമുള്ളതിനാല്‍ ധോണിയെ വിജയിപ്പിക്കാന്‍ സാധിക്കും.

രണ്ടു വര്‍ഷം മുന്‍പ് രാജ്യസഭാ സീറ്റുമായി ഝാര്‍ഖണ്ട് വികാസ് മോര്‍ച്ച സമീപിച്ചപ്പോള്‍ ധോണി ഒഴിഞ്ഞുമാറിയിരുന്നു. ധോണി
രാഷ്ടിയത്തില്‍ പുതിയ ഇന്നിംഗ്‌സ് തുടങ്ങുമോ എന്ന് ഇറ്റുനോക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍. കൂടാതെ രാജ്യസഭയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :