aparna shaji|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (09:09 IST)
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തങ്ങിനിന്ന മേഘങ്ങള്‍ നാശം വിതയ്‌ക്കുന്ന 'ക്യാന്ത്' എന്ന ചുഴലിക്കാറ്റായി രൂപം മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ 'ക്യാന്ത്' നാശം വിതയ്ക്കില്ലെന്ന് നിഗമനം. 72 മണിക്കൂറിനകം കടലിനു മുകളിൽ തന്നെ 'ക്യാന്ത്' ശാന്തമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്നലെ വ്യക്തമാക്കി. അറബിക്കടലിൽ 'ക്യാന്തി'നു സമാന്തരമായി കാറ്റും കോളും രൂപകൊണ്ടതിനാലാണ് ചുഴലിക്കാറ്റ് ദുർബലമാകാൻ കാരണമെന്ന് വ്യക്തമായി.
ബംഗ്ലാദേശിലോ കൊല്‍ക്കത്തയിലേക്കോ ഒഡീഷയിലേക്കോ ആന്ധ്രപ്രദേശിലേക്കോ ആയിരിക്കും നാശമുണ്ടാക്കുക എന്നായിരുന്നു റിപോർട്ട്. എന്നാൽ, 'ക്യാന്തി'ന്റെ ദിശ ചെന്നൈയിലേക്ക് മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ കനത്ത മഴക്ക് സാധ്യത. ചെന്നൈ തീരത്തു കനത്ത ജാഗ്രത തുടരുകയാണ്. മണിക്കൂറിൽ 18 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ചുഴലി ദുർബലമാകുന്നതോടെ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടും. ഈ ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ട് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 27ന് കാറ്റ് തീരങ്ങളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതിനാല്‍ തീരപ്രദേശങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.