ചിപ്പി പീലിപ്പോസ്|
Last Updated:
ബുധന്‍, 4 മാര്‍ച്ച് 2020 (10:35 IST)
ഇന്ത്യയെ ആശങ്കയിലാഴ്ത്തി കോവിഡ് 19. 15 പേർക്കു കൂടി
കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്കാർ കൊറോണ സ്ഥിരീകരിച്ചത്. പുണെയിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഡൽഹി, തെലങ്കാന, രാജസ്ഥാൻ എന്നിവടങ്ങളിലാണ് നേരത്തേ കൊറോണ സ്ഥിരീകരിച്ചത്. ഇവർ ശക്തമായ ചികിത്സയിലാണ്. കേരളത്തിലായിരുന്നു ആദ്യം കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച 3 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു.
ഇറ്റലിയിൽ നിന്ന് 23 പേരടങ്ങുന്ന സംഘമായിരുന്നു ഫെബ്രുവരി 21നു ഇന്ത്യയിൽ എത്തിയത്. 21നു ഡൽഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുർ, ബിക്കാനേർ, ജയ്സാൽമേർ, ഉദയ്പുർ എന്നിവിടങ്ങള്‍ സന്ദർശിച്ചിരുന്നു. ഇതിനുശേഷം 28നാണ് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
അതേസമയം, വിദേശത്ത് നിന്നും എത്തിയ യുവാവ് രോഗലക്ഷണങ്ങൾ കാണിച്ച് കേരളത്തിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ യുവാവ് പിന്നീട് മരണപ്പെട്ടെങ്കിലും അതിനു കാരണം കൊറോണ അല്ലെന്നായിരുന്നു റിപ്പോർട്ട്. ന്യുമോണിയ ബാധിച്ചായിരുന്നു യുവാവ് മരിച്ചത്.
ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ മകളുടെ പിറന്നാൾ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുന്നേ ആണ് കഴിഞ്ഞത്. കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ച് വരികയാണ്. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരോടും പരിശോധനയിൽ വിധേയരാകാൻ നിർദേശം നൽകി കഴിഞ്ഞു.