പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് വിവരാവകാശ നിയമം പ്രയോജനപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (13:43 IST)
പ്രധാനമന്ത്രി മോഡിയുടെ ഭാര്യയ്ക്ക് വിവരാവകാശ നിയമം പ്രയോജനപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി തന്റെ ഭാര്യ യശോദ ബെന്നിനൊപ്പം കഴിഞ്ഞിരുന്നുവെങ്കില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള ഫീസിനത്തില്‍ അവര്‍ക്കു പണം ചെലവഴിക്കേണ്ടി വരില്ലായിരുന്നുവെന്ന് എഐസിസി വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലുള്ള സുരക്ഷയാണോ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടു യശോദ ബെന്‍ പൊലീസിന് അപേക്ഷ നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ഷക്കീല്‍ അഹമ്മദ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം നരേന്ദ്ര മോഡിയുടെ ഭാര്യയ്ക്ക് ഉപകരിച്ചതില്‍ പാര്‍ട്ടിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവരാവകാശ നിയമപ്രകാരം യശോദ ബെന്‍ ഗുജറാത്തിലെ മെഹ്സാ പോലീസ് സൂപ്രണ്ട് ജെ ആര്‍ മൊത്താലിയയയ്ക്കു നല്‍കിയ അപേക്ഷ രാജ്യസഭയിലും ചര്‍ച്ചാവിഷയമായി. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം മധുസൂദന്‍ മിസ്ത്രിയാണു വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, സഭാനടപടികള്‍ നിയന്ത്രിച്ച ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :