ചെന്നൈ|
ജിബിന്‍ ജോര്‍ജ്|
Last Updated:
ശനി, 5 ഡിസംബര്‍ 2015 (17:11 IST)
നൂറ് വര്‍ഷത്തിനിടെയുണ്ടായ മഹാദുരന്തം ചെന്നൈയെ വിഴുങ്ങി. കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല, ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും ദിവസങ്ങള്‍ കഴിഞ്ഞു. ഹെലികോപ്‌റ്ററില്‍ നിന്ന് താഴേക്ക് വീഴുന്ന ഭക്ഷണ പൊതികള്‍ക്കായി ലക്ഷങ്ങള്‍ കാത്തിരിക്കുന്നു, ഇതാണ് ചെന്നൈയിലെ നിലവിലെ അവസ്‌ഥ. സര്‍ക്കാരിനോ കേന്ദ്രസംഘത്തിനോ മരണസംഖ്യ ഇതുവരെ തിട്ടപ്പെടുത്താന്‍ പോലും സാധിച്ചിട്ടില്ല. വെള്ളപ്പൊക്കം താറുമാറാക്കിയ മെട്രോ നഗരത്തിലെ പല പ്രദേശങ്ങളെക്കുറിച്ചും ഇപ്പോഴും ഒരു വ്യക്തതയും വന്നിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിലും ഭീകരമാണ് പലയിടങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍. ദുരന്തത്തിന്റെ ചിത്രം പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കാത്തതിനാല്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്ക് ഇതുവരെ വ്യക്തമല്ല.
ഫ്ലാറ്റുകളിലേക്കാളും കൂടുതല്‍ ആളുകള്‍ ചെറിയ മുറികളിലും വീടുകളിലുമായി ചെന്നൈയില്‍ ജീവിക്കുന്നുണ്ട്. തീരപ്രദേശങ്ങളിലും ചെറിയ കുടിലുകളിലുമായി ലക്ഷങ്ങളാണ് ചെന്നൈയില്‍ ജീവിതം തള്ളി നീക്കുന്നത്. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ഫ്ലാറ്റുകളില്‍ ജീവിതം നയിച്ചവര്‍ കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് മുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ ആര്‍ത്തലച്ച് വന്ന വെള്ളത്തില്‍ കുടില്‍ നഷ്‌ടമായവര്‍ ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. പലരും ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങള്‍ കഴിഞ്ഞു. പല കുടുംബങ്ങളിലും മരണം വിരുന്നെത്തി. മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ പലരും ആശുപത്രികളിലെ ഫ്രീസറുകളെ ആശ്രയിച്ചു. ആവശ്യമായ വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായിരിക്കുകയാണ്. ഇതുവരെ 330തോളം മരണം നടന്നെന്നാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ നൂറു കണക്കിനാണ്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കും.
തിങ്കളാഴ്‌ച വൈകുന്നേരം ആരംഭിച്ച മഴ നിര്‍ത്താതെ പെയ്‌തതോടെയാണ് ഭരണസിരാകേന്ദ്രമായ ചെന്നൈ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായത്. കനത്ത നാശനഷ്‌ടങ്ങളാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വിസുകളും ഭാഗികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈദ്യുതിബന്ധം താറുമാറായതോടെ സാഹചര്യം കൂടുതല്‍ രൂക്ഷമായി. ചെന്നൈ നഗരം ഒരു പ്രളയത്തിലായതിന് മുഖ്യമായ പങ്ക് ഇവിടുത്തെ ഭരണാസിരാകേന്ദ്രങ്ങള്‍ക്ക് തന്നെയുണ്ട്.
വടികൊടുത്ത് അടിവാങ്ങുക എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് ചെന്നൈയിലെ നിലവിലെ സാഹചര്യം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പോലെ തന്നെ പുഴകളും തോടുകളും ചതുപ്പ് പ്രദേശങ്ങളും ചെന്നൈയ്‌ക്കും ഉണ്ടായിരുന്നു. എന്നാല്‍ വികസനമെന്ന കാര്‍മേഘം തമിഴ്‌നാടിനെ കുട പോലെ ചൂടിയപ്പോള്‍ പുഴകളും തോടുകളും ചതുപ്പ് നിലങ്ങളും ഇല്ലാതായി പകരം അവിടെയെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നു പൊങ്ങി. ജെമിനി, വടപളനി, സാലിഗ്രാം, കോടമ്പാക്കം എന്നീ പ്രദേശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാടുകളായിരുന്നു. വന്യമൃഗങ്ങളും മരങ്ങളും പുഴകളുമുള്ള കാടുകള്‍ എന്നാല്‍ ചെന്നൈ വികസിച്ചപ്പോള്‍ ഈ കാടുകളും അപ്രത്യക്ഷമായി.
പുഴകള്‍ നികത്തപ്പെട്ടു, വന്യജീവികള്‍ മൃഗശാലകളിലെ ഇരുമ്പ് കൂടുകളിലായി. വേളാച്ചേരി, ഓള്‍ഡ് മഹാബലിപുരം മേഖലകളിലെ ചതുപ്പ് നിലങ്ങള്‍ പൂര്‍ണ്ണമായും നികത്തി ഐടി കമ്പനികള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ സ്ഥാപിക്കപ്പെട്ടു.
5,550 ഹെക്ടര്‍ ചതുപ്പ് നിലമാണ് വികസനത്തിന്റെ പേരില്‍ ഇവിടെ നികത്തപ്പെട്ടത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി 300 തടാകങ്ങളാണ് നികത്തപ്പെട്ടത്. വികസനമെന്ന സ്വപ്‌നം പൂവണിയാന്‍ തുടങ്ങിയതോടെ ചെന്നൈയുടെ മാറിലൂടെ ഒഴുകുന്ന കൂവം നദിയുടെ വീതി കുറഞ്ഞു വന്നു. നദിയുടെ തീരങ്ങള്‍ കൈയേറി കെട്ടിടങ്ങള്‍ പണിതു. ഇതോടെ നദിയുടെ സ്വാഭാവിക ഒഴുക്കും ഭംഗിയും നഷ്‌ടപ്പെട്ടു.
നഗരാസുത്രണത്തിന്റെ പരാജയമാണ് വെള്ളപ്പൊക്കത്തിലേക്ക് ചെന്നൈയെ നയിച്ച പ്രധാന കാരണം. റോഡുകള്‍ നിര്‍മ്മിക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. എന്നാല്‍ ഈ പണം വേണ്ട വിധത്തില്‍ ഉപയോഗിക്കാറില്ല. മഴ കുറവായതിനാല്‍ മഴ വരുത്തിവെക്കുന്ന പ്രശ്‌നങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചാണ് റോഡ് നിര്‍മാണം നടക്കുന്നത്. മണ്‍സൂണിനു മുന്നോടിയായി 1860 കിലോമീറ്റര്‍ നീളം വരുന്ന ചെന്നൈയിലെ അഴുക്കുചാലില്‍ നിന്ന് കോര്‍പ്പറേഷന്‍ നീക്കം ചെയ്തത് 6200 മെട്രിക് ടണ്‍ ചെളിയും മറ്റ് മാലിന്യങ്ങളുമാണ്. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ മഴ തകര്‍ത്തു പെയ്‌തതോടെ സാഹചര്യങ്ങള്‍ ദുരിത പൂര്‍ണ്ണമാകുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ അടക്കിവാണപ്പോള്‍ നിര്‍മിക്കപ്പെട്ട പ്രദേശങ്ങളില്‍ വെള്ളക്കെട്ടും നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്. ട്രിപ്ലിക്കന്‍ ഹൈറോഡ്, മെറീന ബീച്ച് റോഡ്, ചെന്നൈ സെന്‍ ട്രല്‍, ചെപ്പോക്ക് ക്രിക്കറ്റ് സ്‌റ്റേഡിയം റോഡും പ്രദേശവും വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണം സായിപ്പന്മാരുടെ കൈവിരുതാണ്. എന്നാല്‍, ഇന്ന് ചെന്നൈയില്‍ കാണുന്നതും നിര്‍മിക്കപ്പെടുന്നതും അശാസ്‌ത്രീയമായ നഗരാസൂത്രണമാണ്.
ഫ്ലാറ്റുകളും കെട്ടിടങ്ങളും ആകാശത്തോളം പണിതുയര്‍ത്തുന്നതിന് യാതൊരുവിധ മാനദണ്ഡങ്ങളും ചെന്നൈയിലില്ല. ഒന്നിനെ തൊട്ട് മറ്റൊരു കെട്ടിടം അതാണ് രീതി. വീതി കുറഞ്ഞതും ഇടുങ്ങിയതുമായ ഇടങ്ങളില്‍ കൂടെ വേണം നടന്നു നീങ്ങാന്‍. അതിനാല്‍, ഒരു മഴ പെയ്‌താല്‍ വെള്ളക്കെട്ട് രൂക്ഷമാകുമെന്നത് പകല്‍ പോലെ വ്യക്തമാണ്.
റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വെള്ളം ഒഴുകി പോകുന്നതിന് ഉചിതമായ രീതിയിലല്ല ഡ്രയിനേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റോഡുകളുടെ മധ്യഭാഗത്തും സൈഡിലുമായിട്ടാണ് ഭൂഗര്‍ഭ അഴുക്കു ചാലുകളുടെ നിര്‍മ്മാണം. അഴുക്കു ചാലുകളുടെ ക്യാപ്പ് തുറന്നാല്‍ മാത്രമെ വെള്ളം അതുവഴി പുറത്തേക്ക് പോകു. വെള്ളക്കെട്ട് രൂക്ഷമായാല്‍ ഈ അഴുക്കു ചാലുകളുടെ ക്യാപ്പ് കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍, വെള്ളം റോഡിലൂടെ തന്നെ ഒഴുകുകയും വെള്ളക്കെട്ട് കൂടുതല്‍ ഗുരുതരമാകുകയും ചെയ്യും. ഏതായാലും പ്രളയക്കെടുതിയില്‍ അമര്‍ന്ന ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പുനരുദ്ധരിക്കുമ്പോള്‍ കണ്ണു തുറന്നു എല്ലാം കണ്ട് ചെയ്താല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും.