അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (09:01 IST)
സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കള്‍ മര്‍ദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബിജെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസിന് മുന്നില്‍ നിര്‍ത്തിയ വിദ്യാര്‍ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നതും അതനുസരിച്ച് ഓരോ വിദ്യാര്‍ഥിയും വന്ന് കുട്ടിയുടെ മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിയെ അടിക്കുന്ന കുട്ടികളോട് ശക്തിയായി അടിക്കാന്‍ അധ്യാപിക പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചതായി കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ബാലവകാശകമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കമ്മീഷന്‍ വിലക്കി.