ചരിത്രം രചിക്കാൻ ചന്ദ്രയാൻ-2; ചാന്ദ്രപ്രവേശം ഇന്ന്

ഈ മാസം 14നാണ് ചന്ദ്രയാന്‍ 2,ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്.

Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (07:54 IST)
രണ്ടാം ചാന്ദ്ര ദൗത്യപേടകമായ ചന്ദ്രയാൻ-2 ന്റെ ചാന്ദ്രപ്രവേശം ഇന്ന് നടക്കും.ദൗത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.

ഈ മാസം 14നാണ് ചന്ദ്രയാന്‍ 2,ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ന് രാവിലെ 8.30 നും 9.30 നും ഇടയിലുള്ള സമയത്ത് പേടകത്തിലെ ദ്രവീകൃത ഇന്ധനം നിറച്ച എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റും. ചന്ദ്രന്റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.

ദൗത്യത്തിലെ ഏറെ നിര്‍ണായക ഘട്ടമാണിത്. വിജയിച്ചാല്‍ തുടര്‍ന്നുള്ള നാല് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തും. സെപ്തംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കി,മീ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്പോള്‍ ഓര്‍ബിറ്ററും വിക്രം എന്ന ലാന്‍ഡറും വേര്‍പെടും. തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറിന്റെ വേഗത രണ്ടുഘട്ടമായി കുറച്ച് സെപ്തംബര്‍ 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൗത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :