Last Updated:
തിങ്കള്‍, 8 ജൂണ്‍ 2015 (12:21 IST)
കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഫോണ്‍ ചൊര്‍ത്തിയെന്ന ആരോപണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ എഫ് ഐ ആര് റെജിസ്റ്റര്‍ ചെയ്തു. ചന്ദ്രബാബു നായിഡുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് വിജയവാഡ എംഎല്‍ എ ഉമേശ്വര റാവു ആണ് കേസ് നല്‍കിയത്. നായിഡുവിന്റെയും ടിഡിപി
എംഎല്‍ എമാരുടെയും ഫോണ്‍കോളുകള്‍ തെലുങ്കാന ആഭ്യന്തര വകുപ്പ് ചോര്‍ത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെ സമീപിക്കാനാണ് ഇരു മുഖ്യമന്ത്രിമാരുടേയും നീക്കം. അതിനിടെ
തെലങ്കാന അഴിമതി വിരുദ്ധ വിഭാഗം ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ
ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങള്‍ തുറന്ന ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത്. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദത്തില്‍ നായിഡുവിന്റേതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടി ന്യൂസ്' ചാനലിലൂടെ പുറത്ത് വന്നതാണ്
പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്. തുടര്‍ന്ന്
നായിഡുവിനെ ചോദ്യം ചെയ്യാന്‍ അനുമതി നേടി ഇരുസംസ്ഥാനങ്ങളുടെയും ഗവര്‍ണറായ ഇ എല്‍ എസ് നരസിംഹനെ ചന്ദ്രശേഖര റാവു കണ്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ തെലങ്കുദേശം പാര്‍ട്ടിക്ക് പിന്തുണ ഉറപ്പാക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംഎല്‍എ എല്‍വിസ് സ്റ്റീഫന്‍സണിന് കോഴ നല്‍കാന്‍ ശ്രമിച്ച സംഭവം നായിഡുവിന്റെ അറിവോടെയാണെന്ന് സൂചന നല്‍കുന്നതാണ് ശബ്ദരേഖ. ചാനല്‍ പുറത്തുവിട്ടത് ചന്ദ്രബാബു നായിഡുവിന്റെ ശബ്ദമല്ലെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, വോട്ടിന് കോഴ വിവാദത്തില്‍ ടിഡിപി നിയമസഭാംഗം രേവനാഥ് റെഡ്ഡി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.