ലോക്കപ്പിലും, ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസി‌ടിവി നിർബന്ധമാക്കി സുപ്രീം കോടതിയുടെ ഉത്തരവ്; എല്ലാ ഏജൻസികൾക്കും ബാധകം

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഡിസം‌ബര്‍ 2020 (08:00 IST)
ഡൽഹി: ലോക്കപ്പുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവിയും ശബ്ദ റേക്കോർഡിങും നിർബന്ധമാക്കി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന പൊലീസുകൾ, സിബിഐ, എൻഐഎ, എൻസിബി, റവന്യു ഇന്റലിജൻസ് തുടങ്ങി രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമായിരിയ്ക്കും. കസ്റ്റഡി അതിക്രമങ്ങൾ വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജീവിയ്ക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പാക്കുന്ന 21 ആം വകുപ് പ്രകാകാരമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിയ്ക്കുന്നതിനുള്ള നടപടികൾ അതത് സർക്കാരുകൾ സ്വികരിയ്ക്കണം. പ്രവേശന കാവാടം. ലോക്കപ്പ്, ചോദ്യം ചെയ്യുന്ന മുറി. ഇടനാഴികൾ ഇൻസ്‌പെക്ടർമാരുടെ മുറികൾ എന്നിവിടങ്ങളിൽ എല്ലാം ക്യാമറകൾ സ്ഥാപിയ്ക്കണം. ചോദ്യം ചെയ്യുന്ന ഇടങ്ങളിലും, കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും നിർബന്ധമായും സിസിടിവി ഉണ്ടായിരിയ്ക്കണം. ഓഡിയോ വീഡിയോ റെക്കോർഡിങ്ങുകൾ 18 മാസം ബരെ സൂക്ഷിയ്ക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളിൽ കർമ്മപദ്ധതി തയ്യാറാക്കി സംസ്ഥാനങ്ങൾ കോടതിയിൽ സമർപ്പിയ്ക്കണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. പഞ്ചാബിലെ ഒരു കസ്റ്റഡി മർദ്ദന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :