ബജറ്റ് സമ്മേള‌നത്തിന് തുടക്കം, കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചതായി രാഷ്ട്രപതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജനുവരി 2022 (12:37 IST)
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്‌തു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ അനുസ്‌മരിച്ചു.

വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസനമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സില്‍നിന്ന് 21 വയസ്സായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താൻ സർക്കാരിന് സാധിച്ചു.

ഉജ്ജ്വല യോജന, മുദ്ര യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടി സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പിഎം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും രാഷ്ട്രപതി എടുത്തുപറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :