ബ്രസല്‍സ്|
JOYS JOY|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (11:48 IST)
ബ്രസല്‍സ് ഭീകരാക്രമണത്തിനിടെ കാണാതായ ബംഗളൂരു സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. ബംഗളൂരു സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരന്‍ രാഘവേന്ദ്ര ഗണേശ് ആണ് മരിച്ചത്. ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മൃതദേഹം ആംസ്റ്റര്‍ഡാം വഴി ഇന്ത്യയിലെത്തിക്കും. കഴിഞ്ഞ നാലു വര്‍ഷമായി ബ്രസല്‍സില്‍ ജോലി ചെയ്തു വരികയാണ് ഇദ്ദേഹം. സ്ഫോടനത്തെ തുടര്‍ന്ന് ഗണേശിനെ കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടത്തുന്ന തെരച്ചിലുമായി സഹകരിക്കാന്‍ സഹോദരന്‍ ബ്രസല്‍സില്‍ എത്തിയിരുന്നു.
എന്നാല്‍, ബെല്‍ജിയത്തിലെ നിയമപ്രകാരം ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ച് വിവരം നല്കാന്‍ സൈനിക ആശുപത്രി തയ്യാറായിരുന്നില്ല.
ഇതിനെ തുടര്‍ന്ന് തിരച്ചില്‍ നീളുകയായിരുന്നു. എന്നാല്‍, 22ന് മെല്‍ബീക് മെട്രോ സ്റ്റേഷനില്‍ സ്ഫോടനം നടക്കുമ്പോള്‍ ഗണേശ് സ്ഥലത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.
സ്ഫോടനം നടന്ന ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 1.30നും ഇടയില്‍ ഗണേശുമായി സംസാരിച്ചിരുന്നുവെന്ന് മാതാവ് അന്നപൂര്‍ണി വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നും ഗണേശ് സംഭവദിവസം മെട്രോയില്‍ യാത്ര ചെയ്തിരുന്നതായി വ്യക്തമാവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനകളിലാണ് മെല്‍ബീക്കില്‍ ഗണേശ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.