മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (12:24 IST)
ശിവസേന കരി ഓയില്‍ കൊണ്ട് പ്രതിഷേധം അറിയിച്ചെങ്കിലും പുസ്തകപ്രകാശനം മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് തിങ്കളാഴ്ച രാവിലെ പ്രകാശനം ചെയ്തു. മുന്‍ ബി ജെ പി നേതാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി ചെയര്‍മാനായ ദി ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങ് മുംബൈയില്‍ സംഘടിപ്പിച്ചത്.
എന്നാല്‍, പരിപാടി മുംബൈയില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു ശിവസേനയുടെ കരിഓയില്‍ ആക്രമണം. കരി ഓയില്‍ പുരണ്ട അവസ്ഥയില്‍ തന്നെ സുധീന്ദ്ര കുല്‍ക്കര്‍ണി കസൂരിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കസൂരിയുടെ 'നീദര്‍ എ ഹോക്ക് നോര്‍ എ ഡേവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്ഥാന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകത്തിലൂടെ പാകിസ്ഥാന്റെ വിദേശകാര്യ നയത്തെ വിമര്‍ശിക്കുന്നുണ്ട് കസൂരി.
രാവിലെ കുല്‍ക്കര്‍ണിയുടെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകള്‍ തനിക്കെതിരെ അധിക്ഷേപം ചൊരിയുകയും മുഖത്തും ദേഹത്തും കറുത്ത പെയിന്റ് ഒഴിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പത്തോളം പേരാണ് ആക്രമണം നടത്തിയത്.