ബിജെപിയെ നേരിടാന്‍ ബീഹാറില്‍ ആർജെഡി - ജെഡിയു- കോണ്‍ഗ്രസ് സഖ്യം

പട്ന| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (15:37 IST)
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുന്നതിനായി ആർജെഡി - ജെഡിയു-കോണ്‍ഗ്രസ് സഖ്യം രൂപീകൃതമായി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പട്നയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാസഖ്യത്തിനൊപ്പം കോൺഗ്രസുമുണ്ടാകുമെന്ന് നിതീഷ് അറിയിച്ചത്.

ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും തമ്മിൽ ഇന്നലെയാണ് ധാരണയിലെത്തിയത്. മുലായംസിങ് യാദവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണു സഖ്യ തീരുമാനമുണ്ടായത്. ആർജെഡി - ജെഡിയു ചർച്ചയ്ക്കു മുന്നോടിയായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു.

ആർജെഡി - ജെഡിയു സഖ്യ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സീറ്റ് വിഭജന സാധ്യതകളെക്കുറിച്ചു ചോദിച്ചപ്പോൾ ഇക്കാര്യം തീരുമാനിക്കുന്നതിനായി ഇരു പാർട്ടികളിലെയും മൂന്നംഗങ്ങൾ അടങ്ങുന്ന ആറംഗ സമിതി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും നിതീഷ് കുമാർ മറുപടി നൽകി. അതിനിടെ, നിതീഷ് കുമാറായിരിക്കും ജനതാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്.

ബിജെപി രാജ്യവ്യാപകമായി വേരുറപ്പിക്കുന്നതിനു നടത്തി വരുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഒന്നു ചേർന്നു മൽസരിക്കാനുള്ള ജനതാപാർട്ടികളുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളി‍ൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് ആറു ജനതാ പാർട്ടികളും ഒന്നിക്കാൻ നേരത്തെ തീരുമാനമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ സഖ്യമുണ്ടാക്കാനുള്ള നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :