പാറ്റ്ന|
jibin|
Last Modified വെള്ളി, 20 നവംബര്‍ 2015 (08:12 IST)
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ സർക്കാർ ഇന്ന് അധികാരമേൽക്കും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാവും. പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധിമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും ഒമ്പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ വിപുലമായ നിരയെ സാക്ഷിനിര്‍ത്തിയാണു സത്യപ്രതിജ്ഞ.
പ്രത്യേകം സജ്‌ജമാക്കിയ വേദിയിൽ രണ്ടിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 36 അംഗ മന്ത്രിസഭ ഗവർണർ രാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. ചടങ്ങില്‍ പങ്കെടുക്കാനുള്ള നിതീഷിന്റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചെങ്കിലും വിദേശയാത്രയുടെ തിരക്കുമൂലം റദ്ദാക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിവരും പങ്കെടുക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രത്യേക ക്ഷണം മാനിച്ചാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പങ്കെടുക്കുന്നത്.
ആർജെഡിക്കു 16, ജെഡിയുവിനു 15, കോൺഗ്രസിന് 5 എന്നിങ്ങനെയാവും മന്ത്രിസ്‌ഥാനങ്ങളുടെ വീതംവയ്‌പ്. സ്‌പീക്കർ, ഉപമുഖ്യമന്ത്രി സ്‌ഥാനങ്ങൾ ആർജെഡി പ്രതീക്ഷിക്കുന്നുണ്ട്. ലാലുവിന്റെ മറ്റൊരു മകന്‍ തേജ് പ്രതാപ് യാദവും കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലുണ്ടാവുമെന്നും സൂചനയുണ്ട്. ബിഹാര്‍ നിയസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആര്‍ജെഡി.