ദളിതനായ ബിഹാര്‍ മുഖ്യമന്ത്രി ക്ഷേത്രത്തില്‍ കയറി; ക്ഷേത്രം പുണ്യാഹം തളിച്ച് 'ശുദ്ധമാക്കി'!

പാറ്റ്ന| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (16:21 IST)
ദളിത് വിഭാഗത്തില്‍ പെട്ട ബിഹാര്‍ മുഖ്യമന്ത്രി കയറിയതിനെ തുടര്‍ന്ന് ക്ഷേത്രം പുണ്യാഹം തളിച്ച് 'ശുദ്ധമാക്കി'. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം കാര്യങ്ങള്‍ക്കായി തന്റെ കാലുപിടിക്കുന്നവര്‍ തന്നെയാണ് ഇക്കാര്യം ചെയ്തതെന്നും ദളിതര്‍ക്കെതിരായ തൊട്ടുകൂടായ്മ ബിഹാറില്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.

ബ്രാഹ്മണ വിഭാഗക്കാര്‍ കൂടുതലായി വസിക്കുന്ന മധുബനി ജില്ലയിലെ രാജ്നഗര്‍ മണ്ഡലത്തില്‍ പെട്ട തര്‍ഹി ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നിയമസഭതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയപ്പോള്‍ ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് താന്‍ ക്ഷേത്രത്തില്‍ കയറിയത്. എന്നാല്‍ താന്‍ ഇറങ്ങിക്കഴിഞ്ഞ ഉടന്‍ ക്ഷേത്രം വൃത്തിയാക്കുകയും വിഗ്രഹങ്ങള്‍ കഴുകുകയും ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

തനിക്കൊപ്പം ഉണ്ടായിരുന്ന സംസ്ഥാന മന്ത്രി രാം ലഖന്‍ റാം രമണ്‍ ആണ് ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും നിലനില്‍ക്കുന്ന തൊട്ടുകൂടായ്മക്കെതിരെ ദളിത് വിഭാഗക്കാര്‍ സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ പെട്ട ജിതന്‍ റാം മഞ്ജിക്ക് ഇനി ആറു മാസം കൂടിയേ കാലാവധിയുള്ളൂ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :