ഈ ജോലി ഇനിയും തുടരാനാവില്ല: ഐപിഎസ് ഓഫീസറുടെ വൈകാരികമായ രാജിക്കത്ത്

ആറുമാസത്തെ തീരുമാനത്തിന് ശേഷമാണ് ഒന്‍പത് വര്‍ഷം നീണ്ട് പൊലീസ് സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Last Modified ബുധന്‍, 29 മെയ് 2019 (12:05 IST)
ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷയാണ് സിവില്‍ സര്‍വീസ്. കഠിനാധ്വാനത്തിലൂടെ പരീക്ഷ ജയിച്ച് ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിക്കുന്നവര്‍ ആ ജോലി വേണ്ടെന്ന് വെയ്ക്കുന്നതിന് മുന്‍പ് ഒരുപാട് തവണ ചിന്തിക്കും. എന്നാല്‍ ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം കറ കളഞ്ഞ സര്‍വീസ് ജീവിതം അവസാനിപ്പിക്കാന്‍ ബെംഗളൂരിലെ സത്യസന്ധനും നീതിമാനുമായ ഒരു ഐപിഎസ് ഓഫീസര്‍ തീരുമാനിച്ചു.

കര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈയാണ് രാജിവെച്ചത്. ഒന്‍പത് വര്‍ഷം യാതൊരു ചീത്തപേരും കേള്‍പ്പിക്കാതെ ജോലി ചെയ്ത അണ്ണാമലയുടെ രാജി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കര്‍ണാടക പൊലീസിലെ സിങ്കം എന്നാണ് അണ്ണാമലൈയെ വിളിക്കുന്നത്. 284ആം റാങ്ക് നേടിയാണ് അണ്ണാമലൈ 2009ല്‍ പരീക്ഷ വിജയിച്ചത്. ബെംഗളൂര്‍ ഡെപ്യൂട്ടി കമ്മീഷണറായ ഇദ്ദേഹം തന്റെ രാജിയെക്കുറിച്ച് വൈകാരികമായി എഴുതിയ കുറിപ്പാണ് സമൂഹമാധ്യമത്തില്‍ പുതിയ ചര്‍ച്ചാവിഷയം.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

സുഹൃത്തുക്കളെ, അഭ്യുദയകാംഷികളെ

എന്റെ രാജിയെക്കുറിച്ച് പറയുവാനാണീ കുറിപ്പ്. ആറുമാസത്തെ തീരുമാനത്തിന് ശേഷമാണ് ഒന്‍പത് വര്‍ഷം നീണ്ട് പൊലീസ് സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ ഒന്‍പത് വര്‍ഷവും കാക്കിയിലുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. കാക്കി നല്‍കിയ അഭിമാനം സമാനതകളില്ലാത്തതാണ്. എന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹം ഒരിക്കലും മറക്കാനാകില്ല. ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ജോലിയായിട്ടാണ് ഞാന്‍ പൊലീസിനെ കാണുന്നത്. അധികസമര്‍ദ്ദവും ജോലി ഭാരവുമൊക്കെ ഇതിന്റെ ഒരു ഭാഗമാണ്. പലപ്പോഴും ഇതുമൂലം ഞാന്‍ വേണ്ട സ്ഥലങ്ങളില്‍ എനിക്ക് എത്താന്‍ സാധിക്കാതെയിരുന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടത്തിയ കൈലാസ്മാനസരോവര്‍ യാത്ര പലരീതിയിലും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അതോടൊപ്പം എന്റെ പ്രിയപ്പെട്ട മധുകര്‍ ഷെട്ടി സാറിന്റെ മരണവും എന്റെ ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിച്ചു. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ട്, അതുപോലെ എന്റെ കാക്കി ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശമില്ല. എനിക്കും എന്റെ ഉറ്റസുഹൃത്ത് കൂടിയായ ഭാര്യക്കും ഏറെ വൈകാരിക നിമിഷങ്ങളാണ് ജീവിതം തന്നുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ഞാന്‍ നഷ്ടമാക്കിയ ചെറിയ സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇനിയുള്ള ജീവിതം. എന്റെ മകന്റെ നല്ല അച്ഛനാകണം, അവന്റെ വളര്‍ച്ചയുടെ ഓരോ പടവും കാണണം. രാജിവെച്ച ശേഷം ആറുമാസം വിശ്രമ ജീവിതമായിരിക്കും. അതിന് ശേഷം എനിക്ക് പ്രിയപ്പെട്ട കൃഷിപ്പണിയിലേക്ക് ഇറങ്ങും. പൊലീസുകാരന്‍ അല്ലാത്ത എന്നെ എന്റെ ആടുകള്‍ അനുസരിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ?. ഇത്രയും കാലം എല്ലാവരോടും സഹവര്‍ത്തിത്തോടുകൂടിയാണ് പെരുമാറിയതെന്നാണ് വിശ്വാസം. അങ്ങനെയല്ലെങ്കില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

സ്‌നേഹത്തോടെ

അണ്ണാമലൈഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :