കര്‍സേവകരെ വെടി വെയ്ക്കാന്‍ ഉത്തരവിട്ടതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നുവെന്ന് മുലായം സിങ് യാദവ്

ലക്‌നൗ| Sajith| Last Modified തിങ്കള്‍, 25 ജനുവരി 2016 (13:48 IST)
1990ല്‍ നടന്ന പ്രക്ഷോഭത്തില്‍ ബാബ്‌റി മസ്ജിദ് സംരക്ഷിക്കാന്‍ വേണ്ടി കര്‍സേവകര്‍ക്ക് നേരെ വെടി വെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ താന്‍ ഇപ്പോള്‍ ദു:ഖിക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. മസ്ജിദ് സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും തനിക്ക് മുന്നില്‍ ഇല്ലാത്തതിനാലാണ് അന്ന് അങ്ങിനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവായിരുന്ന കര്‍പ്പൂരി താക്കൂറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്തു വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അയോധ്യ വിഷയം പാര്‍ലമെന്റില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഉന്നയിച്ചിരുന്നു. ആ സമയത്തും അയോധ്യ പ്രക്ഷോഭത്തില്‍ വെടിവെയ്പ് അനിവാര്യമായിരുന്നു എന്നു തന്നെയാണ് താന്‍ മറുപടി പറഞ്ഞത്. മുലായം യു പി മുഖ്യമന്ത്രിയായിരിക്കെ 1990ലാണ് അയോധ്യയില്‍ ഉണ്ടായ പൊലീസ് വെടിവെയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടത്.

പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രസംഗത്തിനിടയില്‍ മുലായം ചില മുന്നറിയിപ്പുകളും നല്‍കിയിരുന്നു.
പണം ഉണ്ടാക്കണമെന്നുള്ളതാണ് മന്ത്രിമാര്‍ മുഖ്യകാര്യമായി കാണുന്നതെങ്കില്‍ രാഷ്‌ട്രീയം അവസാനിപ്പിച്ച് ബിസിനസിലേക്ക് മാറുന്നതാണ് നല്ലതെന്നും മുലായം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :