കോവിഡ് രോഗി ആശുപത്രിയില്‍ ചികിത്സ തേടേണ്ടത് എപ്പോള്‍? ഓക്‌സിജന്‍ ലെവല്‍ എത്രയായിരിക്കണം?

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (16:48 IST)

കോവിഡ് രണ്ടാം തരംഗത്തില്‍ നാം കേള്‍ക്കുന്ന ഏറ്റവും ഭയപ്പെടുത്തുന്ന വാര്‍ത്ത ആശുപത്രികളിലെ പ്രതിസന്ധിയാണ്. രാജ്യത്ത് പല ആശുപത്രികളിലും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കിടക്കകള്‍ ഇല്ല. ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്.

കോവിഡ് അത്ര ഗുരുതരമായി ബാധിക്കാത്ത ആളുകള്‍ വീടുകളില്‍ തന്നെയാണ് സ്വയം ക്വാറന്റീന്‍ ചെയ്യുന്നത്. എന്നാല്‍, വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യനിലയില്‍ ചില മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളും ശ്രദ്ധാലുക്കളായിരിക്കണം. ആരോഗ്യനിലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കണം.

ഓക്‌സിജന്‍ ലെവല്‍ താഴുക എന്നതാണ് കോവിഡ് ബാധയുടെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗലക്ഷണം. വളരെ പെട്ടന്നായിരിക്കും ഓക്‌സിജന്‍ ലെവല്‍ താഴാന്‍ തുടങ്ങുക. ഓക്‌സിജന്‍ ലെവല്‍ ക്രമാതീതമായി താഴാന്‍ തുടങ്ങിയാല്‍ അതൊരു ഗുരുതര സ്ഥിതി വിശേഷമാണ്. ചിലപ്പോള്‍ കൃത്രിമ ഓക്‌സിജന്‍ സഹായം വേണ്ടിവരും.

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നമുക്ക് ഓക്‌സിജന്‍ ലെവല്‍ എത്രയാണെന്ന് നോക്കാവുന്നതാണ്. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ ലെവല്‍ താഴുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ നോക്കണം.

വിരല്‍ ഓക്‌സിമീറ്ററിനുള്ളില്‍ ഇട്ടാല്‍ സെക്കന്റുകള്‍ ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അറിയാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ആളുടെ ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ 95 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുള്ള ആളുകള്‍ക്കാണ് ഇതില്‍ കുറവ് രേഖപ്പെടുത്തുക. അതേസമയം 92 ശതമാനത്തില്‍ താഴെയാണ് ഓക്‌സിജന്‍ ലെവല്‍ രേഖപ്പെടുത്തുന്നതെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഓക്‌സിമീറ്ററില്‍ ഹാര്‍ട്ട് ബീറ്റ് അളക്കാനും സാധിക്കും. സാധാരണ ഗതിയില്‍ ഒരാളുടെ ഹാര്‍ട്ട് ബീറ്റ് മിനുറ്റില്‍ 60 മുതല്‍ 100 വരെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :