രാമേശ്വരം|
JOYS JOY|
Last Modified വ്യാഴം, 30 ജൂലൈ 2015 (12:07 IST)
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് രാജ്യം
വിട നല്കി. രാമേശ്വരത്തിനടുത്ത് പേയ്‌ക്കരിമ്പില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ സമയം 12 മണി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രാമേശ്വരത്ത് എത്തിയിരുന്നു.
പേയ്‌ക്കരിമ്പിലെ ഖബര്‍സ്ഥാനിലെത്തിച്ച കലാമിന്റെ മൃതദേഹത്തില്‍ പ്രധാനമന്ത്രി പുഷ്‌പചക്രം അര്‍പ്പിച്ച് സൈനികര്‍ക്കൊപ്പം അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന്, തമിഴ്നാട് ഗവര്‍ണര്‍ കെ റോസയ്യ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, മനോഹര്‍ പരീക്കര്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒ പനീര്‍സെല്‍വം പുഷ്‌പചക്രം അര്‍പ്പിച്ചു. പനീര്‍ സെല്‍വത്തിനൊപ്പം കാബിനറ്റ് മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ആര്‍മി ചീഫ് ജനറല്‍ ദല്‍ ബീര്‍ സിംഗ്, സേനാവിഭാഗങ്ങളുടെ തലവന്മാര്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അന്‍പുമണി രാമദാസ്,
ഗുലാം നബി ആസാദ്, വൈക്കോ
ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നേപ്പാള്‍ അംബാസിഡര്‍ പരമ്പരാഗത വേഷത്തിലാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കലാമിന്റെ കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ സഹചാരി ശ്രീജന്‍ പാല്‍ സിംഗും രാമേശ്വരത്ത് എത്തി അന്തിമോപചാരം അര്‍പ്പിച്ചു. കലാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
ആയിരങ്ങളാണ് രാമേശ്വരത്ത് തങ്ങളുടെ പ്രിയപ്പെട്ട രാഷ്‌ട്രപതിയെ നിത്യതയിലേക്ക് യാത്രയാക്കാന്‍ എത്തിയത്. പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചതിനു ശേഷം സേനാവിഭാഗം സല്യൂട് നല്കി. അതിനു ശേഷം ത്രിവര്‍ണ പതാക മൃതദേഹത്തില്‍ നിന്നു സൈനികര്‍ എടുത്തു മാറ്റി. ആകാശത്തേക്ക് വെടിപൊട്ടി. മൃതദേഹം സൈനികര്‍ എടുത്ത് മതമേലധികാരികള്‍ക്ക് സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനായി കൈമാറി.
പരിപൂര്‍ണ സേനാബഹുമതികളോടെയാണ് രാജ്യത്തിന്റെ മുന്‍ സര്‍വ്വസൈന്യാധിപന് രാജ്യം വിട നല്കിയത്. കര, നാവിക, വ്യോമ സേനകള്‍ ബഹുമതി അര്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള മുഹിദീന്‍ ആണ്ടവര്‍ മുസ്‌ലിം പള്ളിയില്‍ മൃതദേഹം എത്തിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഖബറടക്കുന്നതിനായി എത്തിച്ചത്.
തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ മൃതദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. ബുധനാഴ്ച രാത്രി കലാമിന്റെ കുടുംബവീടായ ഹൌസ് ഓഫ് കലാമില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചിരുന്നു.
പ്രമുഖര്‍ പങ്കെടുക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു രാമേശ്വരം.