സിഡ്നി|
VISHNU N L|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (16:22 IST)
ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ നേടിയത് കേവലം ഒരു റണ്‍സ്. എന്നാല്‍ കുറ്റം മുഴുവന്‍ അനുഷ്ക ശര്‍മ്മയ്ക്കും അവരുടെ സിഡ്നി സന്ദര്‍ശത്തിനും. എന്തൊരു വിരോധാഭാസമാണിത്. ട്വിറ്ററിലും ഫേസ്ബുക്കിലും കോഹ്‌ലിക്കും കാമുകിക്കും കൈനിറയെ തെറിവിളിയും പരിഹാസവുമാണ് ആരാധകര്‍ വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുന്നത്.
അനുഷ്‌ക രാജ്യദ്രോഹിയാണെന്നും സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പറഞ്ഞവരുമുണ്ട്. കോഹ്‌ലി ഒരോവര്‍ എറിയുന്നതും ഒരു ക്യാച്ച് വിടുന്നതും ഒരു റണ്ണെടുക്കുന്നതും കാണാനാണോ അനുഷ്ക മുംബൈയില്‍ നിന്ന് പറന്നുവന്നതെന്ന് ചിലര്‍. സിഡ്‌നിയിലേക്ക് വന്നതാണ് അനുഷ്‌ക ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മറ്റു ചിലര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ലോകകപ്പ് പരാജയത്തില്‍ നിന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ പക്വതയില്ലായ്മയാണ് ഈ പ്രകടനത്തില്‍ കൂടി പുറത്തു വരുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപഹാസ്യങ്ങള്‍ക്ക് സത്യത്തില്‍ ഈ ഒരു പ്രയോഗം മാത്രം മതിയാകും.
എന്താണ് അനുഷ്ക ചെയ്ത തെറ്റ്? തന്റെ പ്രാണനാഥനെയും അവന്റെ ടീമിനെയും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചതോ? അതൊക്കെ തന്നെയല്ലേ സിഡ്നിയിലെ ഗാലറിയിലിരുന്ന് ഓരോ ഇന്ത്യന്‍ ആരാധകരും ചെയ്തത്. എന്നിട്ടും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കില്‍ അതിനു കാരണക്കാര്‍ അനുഷ്ക മാതമല്ല അവിടെ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ ആരാധകര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. കാരണം ധോണിപ്പടയെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയില്‍ നിന്ന് സിഡ്നിക്ക് ടിക്കറ്റെടുത്തവരാണ് ഗാലറിയിലുണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യന്‍ ആരാധകരും.
എന്നാല്‍ കോഹ്‌ലി അനാവശ്യമായി അപകടത്തിനു തല വെച്ചുകൊടുത്ത് പുറത്തായതിനു പിന്നാലെ ആരാധക വെട്ടുക്കിളികള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രോശങ്ങള്‍ ആരംഭിച്ചിരുന്നു. വീടിന് കല്ലെറിയണമെന്നു വരെ ചില വിവരദോഷികള്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ദൌര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ത്യയുടെ പരാജയത്തിനു കാരണക്കാരിയായി ചിത്രീകരിക്കപ്പെട്ട അനുഷ്കയുടെ കോലം കത്തിക്കുന്നതു വരെ എത്തിയിരിക്കുന്നു ക്രിക്കറ്റ് ഭ്രമം ബാധിച്ച ചില പേക്കോലങ്ങള്‍. ഇക്കാര്യത്തില്‍ രാം ഗോപാല്‍ വര്‍മ്മയെ അംഗീകരിച്ചേ മതിയാകൂ.
ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ ക്രിക്കറ്റ് ഒരു രോഗമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ്. തോല്‍വിയെ അംഗീകരിക്കാനും അത് ഉള്‍ക്കൊള്ളാനും സാധിക്കാതെ വരുമ്പോഴുള്ള നിരാശയുടെ പ്രതിഫലനമാണ് ഈ കാണുന്നതൊക്കെയുമെന്ന് പറയുമ്പോഴും ടീം അംഗങ്ങളെ കുറ്റപ്പെടുത്താതെ അനുഷ്കയെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന്, സ്ത്രീകളോടുള്ള മാറാത്ത മനസിന്റെ പ്രതിഫലനമാണ് ഇതെന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. എന്നാല്‍ സത്യം അതല്ലേ ?
സ്ത്രീകള്‍ വീട്ടീലിരിക്കേണ്ടവളും പുരുഷന്റെയും കുടുംബാംഗങ്ങളുടെയും വിഴുപ്പലക്കി അവര്‍ക്ക് വച്ചുവിളമ്പി ജീവിക്കേണ്ടവരാണ് എന്നുള്ള കടുത്ത യാഥാസ്തികത്വം ഇപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ മറഞ്ഞുകിടപ്പുണ്ട്. സാഹചര്യം വന്നപ്പോള്‍ അറിയാതെ പുറത്ത് ചാടിയ സ്ത്രീവിരുദ്ധ മനോഭാവമാണ് സോഷ്യല്‍ മീഡിയകളില്‍ കാണുന്നത് എന്നത് ആര്‍ക്കും മനസിലാകുന്ന യാഥാര്‍ഥ്യമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.