14,000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ എയര്‍ ഇന്ത്യ; എപ്പോളെത്തുമെന്ന് ഒരുറപ്പുമില്ല..!

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (15:53 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരം നിര്‍ത്താതെ പറക്കുന്ന ചുരുക്കം ചില വിമാന കമ്പനികള്‍ മാത്രമേയുള്ളു. ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റസ് , എയർ ന്യൂസിലാൻഡ് തുടങ്ങിയവയാണവ. എന്നാലിതാ ആ പട്ടികയിലേക്ക് നമ്മുടെ പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയും എത്തുന്നു. ഇന്ത്യയിലെയും യുഎസിലെയും ഐടി ഹോട്ട്സ്പോട്ടുകളായ ബെംഗളൂരുവിനെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിച്ചുള്ള പതിനാലായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കാനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്.

ബോയിങ് 777 - 200 ലോങ് റേഞ്ച് വിമാനമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കുകയെന്ന് എയർഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ യുഎസിലെ ഡാല്ലസ് ഫോർട്ടും ഓസ്ട്രേലിയയിലെ സിഡ്നിയും ബന്ധിപ്പിച്ച് ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റസ് ആണ് ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര നടത്തുന്നത്. 13,730 കിലോമീറ്ററാണ് ദൂരം. ഈ റെക്കോര്‍ഡ് പഴങ്കഥയാകും എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങിയാല്‍. ഈയാഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോഡി സിലിക്കൺ വാലി സന്ദർശിക്കുമ്പോൾ വിമാന സർവീസിന്റെ പ്രഖ്യാപനം ഉണ്ടാകും.

17-18 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന യാത്രയാകും ഇത്. പുതിയ ചെയർമാനായി ചുമതലയേറ്റെടുത്ത അശ്വനി ലോഹനിയാണ് ഈ ഉദ്യമത്തിനു പിന്നില്‍. ഇതിനു പുറമെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു നേരിട്ടുള്ള സർവീസും ആരംഭിക്കുമെന്നും എയർഇന്ത്യ അറിയിച്ചു. നിലവില്‍ സാന്‍ഫ്രാന്‍സിസ്കോവില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനമില്ല. അതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് ഈ പദ്ധതി ലാഭകരമാകുമെന്നാണ് കരുതുന്നത്.

നേരത്തെ മുംബൈയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ചൈന വഴി ഒരു സ്റ്റോപ്പുള്ള സർവീസ് നരേഷ് ഗോയലിന്റെ ജെറ്റ് എയർവേസ് നടത്തിയിരുന്നു. എന്നാൽ അഞ്ചുവർഷങ്ങൾക്കു മുൻപ് അതു നിർത്തലാക്കി.
സാമ്പത്തികമായി തകർന്ന വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈന്‍സ് ഉടമ വിജയ് മല്യയുടെ തലയിൽ ഉദിച്ച ആശയമാണ് സാൻഫ്രാൻസിസ്കോയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള വിമാന സർവീസ്. അതിനായി എയർബസ് എ - 340 വാങ്ങാനും മല്യ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ പിന്നീട് ഇത് ഉപേക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :