ചെന്നൈ|
Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (11:25 IST)
ജയലളിതയ്ക്കു പകരം പുതിയ മുഖ്യമന്ത്രിയാരെന്ന് ഇന്നറിയാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒട്ടേറെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ജയലളിതയുടേതാണ്. പുതിയ മുഖ്യമന്ത്രിയാരെന്ന തീരുമാനം ജയലളിതയില്‍നിന്ന് ലഭിച്ചാലുടന്‍ അണ്ണാ ഡിഎംകെ എംഎഎല്‍ എമാരുടെ യോഗം ചേര്‍ന്ന് പുതിയ നിയമസഭാക്ഷിനേതാവിനെ തിരഞ്ഞെടുക്കും. തീരുമാനം അറിഞ്ഞാലുടന്‍ അണ്ണാ ഡിഎംകെയുടെ നിയമസഭാകക്ഷിയോഗം ചെന്നൈയില്‍ ചേരും. ഇതിനിടെ തമിഴ്നാട് ഗവര്‍ണര്‍ കെ റോസയ്യ ചീഫ് സെക്രട്ടറി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ക്രമസമാധാനനില വിലയിരുത്തി.
മുന്‍ മുഖ്യമന്ത്രിയും ജയലളിതമന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം അടക്കം എട്ടുപേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ഇതില്‍ മലയാളിയും മുന്‍ ചീഫ് സെക്രട്ടറിയും
ജയലളിത സര്‍ക്കാരിന്റെ ഉപദേശകയുമായ ഷീല ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‍. 234 അംഗ നിയമസഭയില്‍ 150 സീറ്റുകളുടെ ഭൂരിപക്ഷമുളളതിനാല്‍ എഐഎഡിഎംകെയ്ക്ക് ഭരണം തുടരുന്നതിനുളള അനുകൂല സാഹചര്യമാണുളളത്.
ശിക്ഷയില്‍ ജാമ്യം തേടി ഉടന്‍ തന്നെ ബാംഗ്ലൂര്‍ ഹൈക്കോടതിയെ സമീപിക്കാനുളള നീക്കങ്ങളും എഐഎഡിഎംകെ നടത്തുന്നുണ്ട്. ജാമ്യത്തിനൊപ്പം ശിക്ഷാവിധിയില്‍ സ്റ്റേയും നേടാനായാല്‍ ജയലളിതയ്ക്ക് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനാകും. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് എഐഎഡിഎംകെയുടെ നീക്കം. എന്നാല്‍ കോടതി അവധിയായതിനാല്‍ അടുത്തമാസം ആറുവരെ കാത്തിരിക്കേണ്ടിവരും. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് ഡിഎംകെ ആരോപിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രപതിയും കേന്ദ്രസര്‍ക്കാരും ഇടപെടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ നടപടികളെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.