രാജ്യത്ത് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൊളിച്ചുതുടങ്ങും, പൊളിക്കുക 9 ലക്ഷം വാഹനങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ജനുവരി 2023 (19:59 IST)
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള 9 ലക്ഷത്തിൽ പരം വാഹനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യവുമായി ആവിഷ്കരിച്ച വാഹനം പൊളിക്കൽ നയത്തിൻ്റെ ഭാഗമായാണ് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നത്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് പൊളിക്കുക. ഇതോടെ 9 ലക്ഷത്തിൽ പരം വാഹനങ്ങൾ റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ളത് ഉൾപ്പടെയുള്ള പഴയബസുകളെല്ലാം പൊളിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കൽ നയത്തിൻ്റെ പരിധിയിൽ വരും.

പുതിയ നയപ്രകാരം വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങൾക്ക് 20 വർഷങ്ങൾക്ക് ശേഷവും ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്നെസ് ടെസ്റ്റിൽ പാസാകുന്ന വാഹനങ്ങൾക്ക് മാത്രമാകും രജിസ്ട്രേഷൻ പുതുക്കി നൽകുക. അല്ലാത്ത വാഹനങ്ങൾ പൊളിക്കേണ്ടതായി വരും. ഇത്തരത്തിൽ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്പോൾ റോഡ് നികുതിയിൽ 25 ശതമാനം ഇളവ് ലഭിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :