“ആലപ്പുഴ കളക്‌ടര്‍ കൊള്ളാമല്ലോ” എന്ന തോന്നലില്‍ നിന്ന് ‘ദി കിംഗ്’ ഉണ്ടായി!

മമ്മൂട്ടിയുടെ 'ജോസഫ് അലക്സ്’ ആലപ്പുഴയിലെ ഒരു കളക്‍ടറായിരുന്നു!

Mammootty, Joseph Alex, Shaji Kailas, Renji Panicker, Joshiy, മമ്മൂട്ടി, ജോസഫ് അലക്സ്, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ജോഷി
Last Updated: വ്യാഴം, 27 ഒക്‌ടോബര്‍ 2016 (17:45 IST)
1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’ റിലീസായി. മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി.

“കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. ആ സിനിമയോടെ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദി കിംഗിന്‍റെ രണ്ടാം ഭാഗത്തിനുവേണ്ടിയാണ് ഷാജിയും രണ്‍ജിയും ഒത്തുചേര്‍ന്നത്.

“സാധാരണക്കാരെപ്പോലെ ലുങ്കിയുടുത്തു നിരത്തിലേക്കിറങ്ങി പല കാര്യങ്ങളും ചെയ്‌തിരുന്ന അന്നത്തെ ആലപ്പുഴ ജില്ലാ കളക്‌ടറാണ്‌ കിംഗിന്‍റെ പ്രചോദനം. ആലപ്പുഴ കളക്‌ടര്‍ കൊള്ളാമല്ലോ എന്ന തോന്നലാണ്‌ എന്തുകൊണ്ട്‌ ഒരു കളക്‌ടറെ നായകനാക്കി സിനിമ ചെയ്‌തുകൂടാ എന്നു ചിന്തിപ്പിച്ചത്‌. കളക്‌ടര്‍ ബ്യൂറോക്രാറ്റാണ്‌. ബ്യൂറോക്രാറ്റും പൊളിറ്റിക്‌സും തമ്മില്‍ പ്രശ്‌നമാകില്ലേ എന്നൊരു ശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. തന്‍റെ പവര്‍ എന്തെന്നറിഞ്ഞ്‌ അതിനനുസരിച്ചു പ്രവര്‍ത്തിച്ചത് ടി എന്‍ ശേഷനാണ്‌. അതുപോലെയാണ്‌ കിംഗിലെ കളക്‌ടര്‍ ചെയ്‌തത്‌. ഇതുപോലെ പലരും തങ്ങളുടെ പവര്‍ കാണിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തെ അക്രമവും അഴിമതിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു” - ഷാജി കൈലാസ് പറയുന്നു.

"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതിവയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :