ഇന്നോര്‍ക്കാം, മോഹന്‍ലാലിന്‍റെ 6 തകര്‍പ്പന്‍ ഹിറ്റുകള്‍ !

സുബിന്‍ ജോഷി| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:50 IST)
സെപ്‌റ്റംബര്‍ മൂന്ന് മോഹന്‍ലാലിന് ഭാഗ്യഡേറ്റ് ആണ്. ആ ദിവസം ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകളൊക്കെ മികച്ച വിജയം നേടിയവയാണ്. അതിലുപരി, ആ സിനിമകളൊക്കെ മികച്ച ചിത്രങ്ങളുമായിരുന്നു.

അധോലോകരാജാവ് കണ്ണന്‍ നായരായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു 1990 സെപ്റ്റംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ഇന്ദ്രജാലം. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത സിനിമ വന്‍ ഹിറ്റായി. ആര്യന്‍, രാജാവിന്‍റെ മകന്‍, ഇരുപതാം നൂറ്റാണ്ട് ശ്രേണിയിലേക്ക് അധോലോക പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്‍റെ മറ്റൊരു സിനിമ കൂടിയാണ് ഇന്ദ്രജാലം. കാര്‍ലോസ് എന്ന കൊടും വില്ലനായി രാജന്‍ പി ദേവ് എന്ന മഹാനടന്‍റെ വരവ് ഈ സിനിമയിലൂടെയായിരുന്നു.

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ അദ്വൈതം റിലീസായത് 1991 സെപ്റ്റംബര്‍ മൂന്നിനാണ്. അതിമനോഹരമായ ഗാനങ്ങളും മികച്ച ഇമോഷണല്‍ സീനുകളും അടങ്ങിയ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു അദ്വൈതം. ജയറാം, രേവതി തുടങ്ങിയവര്‍ക്കും മികച്ച കഥാപാത്രങ്ങളെ ലഭിച്ചു. വില്ലന്‍‌മാരായി സോമന്‍, ഇന്നസെന്‍റ്, ക്യാപ്ടന്‍ രാജു തുടങ്ങിയവരെത്തി എന്നതും പ്രത്യേകതയാണ്.

1992 സെപ്റ്റംബര്‍ മൂന്നിനാണ് മോഹന്‍ലാലിന്‍റെ യോദ്ധാ റിലീസ് ആകുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ - ജഗതി കോമ്പിനേഷന്‍ സീനുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളും അടിപൊളിയായിരുന്നു. പുനീത് ഇസാറായിരുന്നു വില്ലന്‍. മധുബാല നായികയായ സിനിമയുടെ രണ്ടാം പകുതിയിലെ മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായി.

രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്ന ചിത്രത്തില്‍ നിരഞ്ജന്‍ എന്ന അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. 1998 സെപ്റ്റംബര്‍ മൂന്നിന് റിലീസായ ചിത്രം വന്‍ വിജയമായി. ജയറാം, സുരേഷ്ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങി താരസമ്പന്നമായിരുന്നു സിനിമ. ഒന്നാന്തരം ഗാനങ്ങളും തകര്‍പ്പന്‍ ക്ലൈമാക്സും പ്രധാന വിജയഘടകങ്ങളായി. ക്ലൈമാക്സില്‍ മോഹന്‍ലാലിന്‍റെ അസാധാരണ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

1998 സെപ്റ്റംബര്‍ മൂന്നിന് തന്നെ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച ഹരികൃഷ്ണന്‍സും റിലീസായി. ഫാസില്‍ സംവിധാനം ചെയ്ത ഈ ഇന്‍‌വെസ്റ്റിഗേഷന്‍ എന്‍റര്‍ടെയ്നറില്‍ മികച്ച ഗാനങ്ങളുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയില്‍ ജൂഹി ചൌളയായിരുന്നു നായിക. ഇരട്ടക്ലൈമാക്സ് ആദ്യം കൌതുകവും പിന്നീട് വിവാദവുമായി.

2005 സെപ്റ്റംബര്‍ മൂന്നിനാണ് ജോഷി - മോഹന്‍ലാല്‍ ടീമിന്‍റെ നരന്‍ റിലീസായത്. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രം ഇന്നും ലാല്‍ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുകിവരുന്ന തടികള്‍ അതിസാഹസികമായി കരയ്ക്കടുപ്പിക്കുന്ന വേലായുധന്‍റെ രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചുമാത്രമേ കാണാനാവുകയുള്ളൂ. സിദ്ദിക്കിന്‍റെ വില്ലന്‍ വേഷവും ഗംഭീരമായിരുന്നു. മധു, ജഗതി, ഇന്നസെന്‍റ്, ദേവയാനി തുടങ്ങിയവരും മികച്ചുനിന്നു. സോനാ നായരുടെ കഥാപാത്രവും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. ഭാവനയായിരുന്നു നായിക. മികച്ച ഗാനങ്ങളും നരന്‍റെ പ്രത്യേകതയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :