Last Modified വെള്ളി, 5 ഏപ്രില്‍ 2019 (12:42 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളില്‍ പരസ്യം നല്‍കിയവരില്‍ ഏറ്റവും കൂടുതല്‍ പണം രാജ്യത്ത് ചെലവഴിച്ചത് ബിജെപി. 554 പരസ്യങ്ങളിലൂടെ 1.21 കോടി രൂപയാണ് ബിജെപി ഗൂഗിളില്‍ മാത്രം ചെലവഴിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയപാര്‍ട്ടികളും അവര്‍ക്കായി പരസ്യം നല്‍കുന്ന ഏജന്‍സികളും ചേര്‍ന്ന് ഫെബ്രുവരി ഏഴുമുതല്‍ ഗൂഗിളില്‍ എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുന്ന ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരമാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ആകെ ഗൂഗിളില്‍ ചെലവഴിച്ചത് 3.76 കോടിരൂപയാണ്. ഇതിന്റെ 32 ശതമാനമാണ് ബിജെപി ഒറ്റയ്ക്ക് ചെലവഴിച്ചിരിക്കുന്നത്. പട്ടികയില്‍ കോണ്‍ഗ്രസ് ആറാം സ്ഥാനത്താണ്.
തെരഞ്ഞെടുപ്പില്‍ ഗൂഗിളില്‍ പരസ്യം നല്‍കിയവരില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. 107 പരസ്യങ്ങളിലായി 1.04 കോടിരൂപയാണ് അവര്‍ ചെലവഴിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 85.25 ലക്ഷം രൂപയാണ് ഇവര്‍ ചെലവഴിച്ച തുക. ‘പ്രമാണ്യ സ്റ്റട്രാറ്റജി കണ്‍സള്‍ട്ടിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഇവര്‍ക്കായി പ്രചാരണം ഏറ്റെടുത്തത്.
നായിഡുവിന്റെ പ്രചാരണം ഏറ്റെടുത്ത മറ്റൊരു സ്ഥാപനമായ ‘ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുളളത്. 63.43 ലക്ഷം രൂപയാണ് അവര്‍ ചെലവഴിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനോടപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
പട്ടികയില്‍ ആറാം സ്ഥാനം ലഭിച്ച കോണ്‍ഗ്രസ് ഗൂഗിള്‍ വഴി 14 പരസ്യങ്ങളിലൂടെ 54,100 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പോളിസിക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി രാഷ്ട്രീയ പാര്‍ട്ടികളുടെ 11 ഏജന്‍സികളില്‍ നാല് സ്ഥാപനത്തിന്റെ പരസ്യം ഗൂഗിള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ‘എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്രൈവറ്റ് ലിമിറ്റഡും’ ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളില്‍ എത്തുന്ന പരസ്യത്തിന്റെ മുഴുവന്‍ വിവരങ്ങളും സുതാര്യമായിരിക്കുമെന്ന് ജനുവരിയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിന്റെ തെരഞ്ഞെടുപ്പ് നയത്തിന്‍രെ ഭാഗമായാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന ഏത് പരസ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനോ, പോള്‍ പാനലോ അനുപതി പത്രം നല്‍കണമെന്നും ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു.