Last Updated:
വ്യാഴം, 11 ഏപ്രില്‍ 2019 (12:39 IST)
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാർട്ടിയിൽ നിന്നും വേണ്ട സഹകരണമില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. പ്രചാരണത്തിൽ പാർട്ടിയിൽ ഏകോപനമില്ല. പാർട്ടിയുടെ പ്രധാന നേതാക്കൾ മണ്ഡലത്തിലേക്ക് വന്നിട്ടില്ലെന്നും
ശശി തരൂർ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
നേതാക്കളുടെ സാനിധ്യം പ്രകടമല്ല. പ്രചാരണം ഉള്ള സ്ഥലങ്ങളിൽ പ്രവർത്തനം താഴേ തട്ടിൽ ഊർജ്ജസ്വലമായി നടക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോടും തരൂർ പരാതിപ്പെട്ടിരുന്നു.
വാഹനപര്യപടനത്തിനും നേതാക്കളുടെ ഭാഗത്തു നിന്നും പ്രധാനപ്പെട്ട പ്രവർത്തകരുടെ ഭാഗത്തു നിന്നും പൂർണ്ണമായ പിന്തുണ ലഭിക്കുന്നില്ലെന്നും തരൂർ പരാതിയിൽ പറയുന്നു. ഈ തരത്തിൽ മുന്നോട്ട് പോയാൽ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കിയെക്കുമെന്നും തരൂർ മുകൾ വാസ്നിക്കിനോട് സൂചിപ്പിച്ചു.
ഇനിയുള്ള പ്രചാരണം നിർണ്ണായകമാണ്. അതിനാൽ തുടർന്നുള്ള പ്രവർത്തനങ്ങളിൽ നേതാക്കളുടെ ഭാഗത്തുനിന്നും സഹകരണവും സാനിധ്യവും അനിവാര്യമാണെന്നും തരൂർ എഐസിസി നേതൃത്വത്തെ അറിയിച്ചു.പ്രചാരണത്തിലെ ഏകോപനമില്ലായ്മയിൽ കെപിസിസി നേതൃത്വത്തെയും ശശി തരൂർ അതൃപ്തി അറിയിച്ചിട്ടുണ്ട്.