ടി പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം അച്ചടക്ക നടപടിക്ക് വിധേയനായ കെ സി രാമചന്ദ്രനെ ആശ്വസിപ്പിക്കാന്‍ ജയരാജന്‍മാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന സമിതി അംഗങ്ങളായ എം വി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ ജയിലിലെത്തിയത്.
പാര്‍ട്ടി സംസ്ഥാന സമിതി സ്വീകരിച്ച നടപടി രാമചന്ദ്രനെ അറിയിക്കാനാണ് എത്തിയതെന്ന് പി ജയരാജന്‍ അറിയിച്ചു. എന്നാല്‍ 45 മിനിറ്റോളം നേതാക്കള്‍ രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തനെയും ട്രൗസര്‍ മനോജിനെയും സംരക്ഷിക്കുകയും രാമചന്ദ്രനെ മാത്രം ബലിയാടാക്കുകയും ചെയ്ത പാര്‍ട്ടി നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ അനുനയിപ്പിക്കാനാണ് കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.
അതേസമയം, പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനും മുന്‍പും പാര്‍ട്ടി നേതാക്കള്‍ ജയിലിലെത്തി രാമചന്ദ്രനെയും കുഞ്ഞനന്തനെയും കണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് ഒന്നിന് എം വി ജയരാജന്‍ ജയിലിലെത്തി കുഞ്ഞനന്തനെ കണ്ടിരുന്നു. റിപ്പോര്‍ട്ട് വരുന്നതിനു രണ്ടു ദിവസം മുന്‍പ് വടകരയിലെ സ്ഥാനാര്‍ഥി ഷംസീറും മറ്റു ചിലരും ജയിലിലെത്തി പ്രതികളെ കണ്ടിരുന്നുവെന്നുവെന്നും ജയില്‍ രേഖകളില്‍ പറയുന്നു.